സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി;പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക സർവേ റിപ്പോർട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളർച്ച എന്ന മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന നേട്ടത്തെ കുറിച്ച് സാമ്പത്തിക സർവേ റിപ്പോർട്ട് പരാമർശിക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തിൽ ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ളവുയുടെ കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് വഴിയൊരുക്കിയത് എന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ വച്ച റിപ്പോർട്ട് പറയുന്നു.
ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകൾ സൃഷ്ടിച്ചുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സേവനങ്ങൾ ഉപയോഗപ്പെടുത്തിയും നിരന്തരമായ ഡിജിറ്റൽ ട്രാക്കിംഗ്, നിരീക്ഷണം എന്നിവ നേട്ടത്തിൽ പ്രധാനമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആധാർ, റേഷൻ കാർഡുകൾ, ഭിന്നശേഷിക്കാർക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡുകൾ, ഇലക്ടറൽ ഐഡികൾ, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷനുകൾ തുടങ്ങിയ സേവനങ്ങൾ കുടുംബങ്ങൾക്ക് ഉറപ്പാക്കി.
വിവിധ കേന്ദ്ര പദ്ധതികൾ ഉൾപ്പെടെ കേരളത്തെ നേട്ടത്തിലേക്ക് അടുക്കാൻ സഹായിച്ചെന്നും റിപ്പോർട്ട് അടിവരയിടുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സേവന വിതരണം പതിവായി ഡിജിറ്റൽ ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകൾ സൃഷ്ടിച്ചു. കമ്മ്യൂണിറ്റി മോണിറ്ററായും സേവന ദാതാവായും കുടുംബശ്രീ നെറ്റ്വർക്ക് ഒരു പ്രധാന പങ്ക് വഹിച്ചു, അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വാർഷിക വികസന പദ്ധതികളിൽ ഈ ഇടപെടലുകൾക്ക് മുൻഗണന നൽകി.
ജനനീ സുരക്ഷാ യോജന പോലുള്ള പദ്ധതികൾ കോവിഡ് മൂലം നഷ്ടപ്പെട്ട വരുമാന സ്രോതസുകൾ ഉൾപ്പെടെ മറികടക്കാൻ ജനങ്ങളെ സഹായിച്ചു. ഇത്തരം പദ്ധതികൾ സംസ്ഥാനതലത്തിൽ നവീകരിച്ച നടപ്പാക്കുകയാണ് കേരളം ചെയ്തത്. ഇത്തരം ക്ഷേമ പദ്ധതികൾ സാമൂഹിക സംരക്ഷണം വികസിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ള ആത്മാർത്ഥത വ്യക്തമാക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.