പശ്ചിമേഷ്യയിലെ സംഘർഷം ; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി നൽകി യുഎസ്

By :  Devina Das
Update: 2026-03-06 05:01 GMT

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് അനുമതി. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്.

മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വിൽപനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ പ്രസ്താവനയിൽ പറഞ്ഞു. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽ നിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്. 2026 ഏപ്രിൽ 3 വരെയാണ് ഇളവ് അനുവദിച്ചത്.'പ്രസിഡന്റ് ട്രംപിന്റെ ഊർജ അജണ്ട എണ്ണ, വാതക ഉത്പാദനം എക്കാലത്തെയും ഉയർന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാൻ, ട്രഷറി ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവദിക്കുന്ന 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല, കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ. ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന പങ്കാളിയാണ്, ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് ഞങ്ങൾ പൂർണമായി പ്രതീക്ഷിക്കുന്നു. ഇറാൻ ആഗോള ഊർജമേഖലത്തെ ബന്ദിയാക്കാൻ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന സമ്മർദം ഈ താത്ക്കാലിക നടപടി ലഘൂകരിക്കും,' ബെസ്സെന്റ് എക്‌സ് പോസ്റ്റിൽ കുറിച്ചു.

Similar News