സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

By :  Devina Das
Update: 2026-01-31 09:17 GMT

കൊല്ലം: സ്‌കൂൾ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ പഠിക്കുന്ന സിലബസിനേക്കാൾ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വർഷം മുതൽ നിലവിൽ വരുമെന്നും ശിവൻകുട്ടി അറിയിച്ചു.

കൊല്ലം തേവലക്കര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് മുകളിൽ ഉണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിർമിച്ച് നൽകിയ വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.പഠന ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാർഥികൾ മന്ത്രിക്ക് ചടങ്ങിൽ നിവേദനം നൽകിയിരുന്നു.

ഇക്കാര്യം പരാമർശിച്ച് കൊണ്ടായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം. പഠന ഭാരം കൂടുതൽ എന്നത് പൊതുവിൽ ഉള്ള പരാതിയാണ്. ഇത് പരിഹരിക്കാനാണ് സിലബസിൽ 25 ശതമാനം കുറയ്ക്കുന്നത്. ഇക്കാര്യം കരിക്കുലം കമ്മിറ്റി അംഗീകരിച്ച വിഷയമാണ്.

പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ വ്യത്യാസം ഉണ്ടാകില്ല. എന്നാൽ സിലബസിന്റെ വലിപ്പം കുറയുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറച്ചും 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികൾ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടികൾ ഉൾപ്പെട്ട കരട് റിപ്പോർട്ടിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നു.

വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികൾ ആരംഭിക്കുന്നത്. ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകുക എന്നതാണ് ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകാനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.

Similar News