ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത് സംസ്ഥാനസർക്കാർ ;ആചാരങ്ങൾ സംരക്ഷിക്കണം

By :  Devina Das
Update: 2026-03-13 09:44 GMT

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കാനും, ആചാരങ്ങൾ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാൻ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തിൽ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സർക്കാർ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തിൽ കേരളം പുതിയ സത്യവാങ്മൂലം സമർപ്പിക്കും. ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നും, ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്താനും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിശ്വാസികളെ അകറ്റുന്ന നിലപാട് പാടില്ലെന്ന് സിപിഎമ്മിലും ധാരണയായിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്, നേരത്തെ യുവതീ പ്രവേശത്തെ അനുകൂലിച്ചിരുന്ന സിപിഎമ്മും സംസ്ഥാന സർക്കാരും മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞത്. വിശ്വാസികളെ അടുപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആഗോള അയ്യപ്പ സംഗമവും നടത്തിയിരുന്നു. എൻഎസ്എസ്, എസ്എൻഡിപി അടക്കമുള്ള സമുദായങ്ങൾ ആചാരം സംരക്ഷിക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ നവോത്ഥാന സംരക്ഷണ സമിതിയിലെ മറ്റൊരു പ്രബല സമുദായമായ കെപിഎംഎസ് യുവതീപ്രവേശന നിലപാടിൽ ഉറച്ചു നിൽക്കണമെന്ന അഭിപ്രായക്കാരാണ്.ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച സിപിഎമ്മും മുഖ്യമന്ത്രിയും മുമ്പ്, നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്നായിരുന്നു പ്രസ്താവിച്ചത്. സുപ്രീംകോടതി വിധിയെത്തുടർന്ന് യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ എത്തിയതിനെത്തുടർന്ന്, സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അതേസമയം ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിർത്തണമെന്ന് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ സുപ്രീംകോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും, ശബരിമലയെ പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നുമാണ് അസോസിയേഷൻ വ്യക്തമാക്കിയത്.

Similar News