രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ, അതില്‍ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ല ;എം വി ഗോവിന്ദൻ

By :  Devina Das
Update: 2026-01-25 09:45 GMT

തിരുവനന്തപുരം : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ, അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം പാർട്ടി ജില്ലാ കമ്മിറ്റി പരിശോധിക്കും.

ആവശ്യമായ നടപടി എടുക്കും. അവർ തീരുമാനിച്ചശേഷം ഇടപെടേണ്ടതുണ്ടെങ്കിൽ മാത്രം സംസ്ഥാന നേതൃത്വം ഇടപെടുമെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പാർട്ടി സംഘടനാപരമായി പരിശോധിക്കുകയാണ്. ഞങ്ങളെ സംഘടനാ രീതി പഠിപ്പിക്കാൻ മാധ്യമങ്ങൾ പുറപ്പെടേണ്ടതില്ല. ഞങ്ങൾക്ക് ഒരു കാഴ്ചപ്പാടുണ്ട്.

അതനുസരിച്ചാണ് പരിശോധിക്കുന്നത്. പരാതി ഉള്ളവർക്ക് പൊലീസിൽ പരാതി നൽകാം. അതിന് ഞങ്ങൾക്കെന്താണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രക്തസാക്ഷി ഫണ്ടിൽ നിന്നും നയാ പൈസ വഞ്ചിക്കാനോ പറ്റിക്കാനോ അനുവദിക്കുന്ന പ്രശ്‌നം ഇല്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇപ്പോൾ ഉയർന്നു വന്ന വിഷയം ബന്ധപ്പെട്ട പാർട്ടി ജില്ലാ കമ്മിറ്റി പരിശോധിക്കും.

ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ല. സംഘടനാപരമായി എങ്ങനെയാണ് പ്രശ്‌നം കൈകാര്യം ചെയ്യുകയെന്ന്, സംഘടനാപരമല്ലാത്ത തരത്തിൽ പുറത്ത് പറയാൻ സംഘടനയ്ക്ക് സാധിക്കില്ല. ഒരു നയാ പൈസ പോലും രക്തസാക്ഷി ഫണ്ടിൽ നിന്നും നഷ്ടപ്പെടാൻ അനുവദിക്കുന്ന പ്രശ്‌നമില്ല. ആവശ്യമായ നിലപാട് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. മുമ്പ് സ്വീകരിച്ചിട്ടുണ്ട്, ഇനിയും തുടരുകയും ചെയ്യും. അതിലൊന്നും വിട്ടുവീഴ്ച ചെയ്യുമെന്ന് ആരും ധരിക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതു ക്രൈം ആണെങ്കിൽ അങ്ങനെ കൈകാര്യം ചെയ്യാമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. പാർട്ടിക്കെതിരായ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചു എന്ന് കുഞ്ഞികൃഷ്ണനോട് ചോദിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Similar News