മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

By :  Devina Das
Update: 2026-03-17 10:03 GMT

ന്യൂഡൽഹി: മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവർക്കു മാത്രമേ പ്രസവാവധിക്ക് അർഹതയുള്ളൂവെന്ന നിയമ വ്യവസ്ഥ സുപ്രീം കോടതി അസാധുവാക്കി. ദത്തെടുക്കുന്ന അമ്മയ്ക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധിക്ക് അർഹതയുണ്ടെന്നും അതിൽ കുഞ്ഞിന്റെ പ്രായം ഘടകമല്ലെന്നും ജസ്റ്റിസുമാരായ ജെബി പർദിവാലയും ആർ മഹാദേവനും വ്യക്തമാക്കി.

പ്രസവാവധിക്ക് കുഞ്ഞിന്റെ പ്രായം നിബന്ധനായി നിശ്ചയിക്കുന്ന സോഷ്യൽ സെക്യൂരിറ്റി കോഡിലെ 60 (4) വകുപ്പ് ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദത്തെടുക്കുക എന്നത് പ്രത്യുത്പാദനാവകാശത്തിന്റെ ഭാഗമാണ്. അതിനു നിയമത്തിൽ നിബന്ധന വയ്ക്കാനാവില്ലെന്ന് കോടതി പറഞ്ഞു.കുഞ്ഞുങ്ങളെ നോക്കുന്നതിന് അച്ഛന് നൽകുന്ന അവധി (പറ്റേണിറ്റി ലീവ്) സോഷ്യൽ സെക്യൂരിറ്റി കോഡിന്റെ ഭാഗമാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകി.

മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവർക്കു മാത്രം മറ്റേണിറ്റി ലീവിന് അനുമതി നൽകുന്ന നിയമ വ്യവസ്ഥ ചോദ്യം ചെയ്ത് അഭിഭാഷകയായ ഹംസനന്ദിനിയാണ് കോടതിയെ സമീപിച്ചത്.

Similar News