സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിക്കും ; സുപ്രീം കോടതി

By :  Devina Das
Update: 2026-03-13 09:51 GMT

ന്യൂഡൽഹി: സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് തൊഴിൽ ലഭ്യതയെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കി നിയമ നിർമാണം നടത്തിയാൽ തൊഴിലുടമകൾ സ്ത്രീകളെ നിയമിക്കാൻ വിമുഖത കാട്ടിയേക്കും എന്ന ആശങ്കയാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്. ആർത്തവ അവധി നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരം ഒരു നിരീക്ഷണം മുന്നോട്ട് വച്ചത്.ഇത്തരം സാഹചര്യങ്ങൾ തങ്ങൾ പുരുഷൻമാർക്ക് സമൻമാരല്ലെന്ന ധാരണ സ്ത്രീകളിൽ സൃഷ്ടിച്ചേക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്. തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങൾക്കറിയില്ല. ഞങ്ങൾ അത്തരമൊരു നിയമം ഉണ്ടാക്കിയാൽ അവർ സ്ത്രീകളെ നിയമിക്കില്ല. എന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ഇത്തരം ഹർജികൾ ആശങ്ക ഉണ്ടാക്കുന്നവയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു നിയമം രൂപീകരിക്കപ്പെട്ടാൽ, ആ നിമിഷം മുതൽ ജോലിയിൽ നിന്നും സ്ത്രീകൾ മാറ്റി നിർത്തപ്പെടും.

അവരുടെ കരിയർ അവസാനിക്കുന്ന നിലയുണ്ട് അവർ 'നിങ്ങൾ വീട്ടിൽ ഇരിക്കണമെന്ന് പറയുമെന്നും കോടതി ചൂണ്ടിക്കാട്ടി.2013 ൽ കേരള സർക്കാർ സർവകലാശാലകളിലെയും വനിതാ വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ചിരുന്നുവെന്ന് ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകൻ എം ആർ ഷംഷാദ് ചൂണ്ടിക്കാട്ടി. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഷംഷാദ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം തീരുമാനങ്ങൾ വിവേചനാധികാരമാണെന്ന നിലപാടാണ് കോടതി മുന്നോട്ട് വച്ചത്.

Similar News