വ്യത്യസ്ത പദ്ധതികളുമായി കെ എസ് ആർ ടി സി; ബജറ്റ് ടൂറിസം സൂപ്പർ ഹിറ്റ്

By :  Devina Das
Update: 2026-02-04 07:42 GMT

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി സൂപ്പർ ഹിറ്റ്. ബജറ്റ് ടൂറിസത്തിൽ വലിയ തോതിലുള്ള വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം വഴി മാസം ഒരു കോടി രൂപയാണ് ലഭിച്ചിരുന്നത്.2021, 2022, 2023 വരെ ഒരു കോടി മുതൽ ഒന്നേകാൽ കോടി വരെയാണ് കിട്ടിയിരുന്നത്. എന്നാൽ കഴിഞ്ഞമാസം ബജറ്റ് ടൂറിസം വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് നാലരക്കോടി രൂപയാണ്. ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു.

ഈ ജനുവരി മാസത്തിൽ ലഭിച്ച അഞ്ചരക്കോടി രൂപയിൽ 65 ലക്ഷം രൂപ ലാഭമാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ കെഎസ്ആർടിസി മാറുകയാണ്. വരുമാനത്തിൽ‍ വലിയ വർധനവ് ഉണ്ടാകുന്നുണ്ട്. പരസ്യങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. ബസിന് പുറത്തെ പരസ്യം കേസും വഴക്കുമായി കിടക്കുകയാണ്. അതു കൊടുത്തു കഴിഞ്ഞാൽ കോടിക്കണക്കിന് രൂപ ആ ഇനത്തിലും ലഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ കൊടുത്ത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 101 കടകൾ ടെണ്ടർ കൊടുത്തിട്ടുണ്ട്. 56 കടകളിലേക്ക് ടെണ്ടർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങിയിട്ടുണ്ട്. ഇതുവഴി നല്ല ഡ്രൈവർമാരെ സൃഷ്ടിക്കാൻ കഴിയുന്നു. മൂന്നു മാസം മുമ്പത്തെ കണക്കു പ്രകാരം 2 കോടി 87 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. ഇതുവരെ 22 ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Similar News