ഉപഭോക്താക്കൾക്ക് ഇന്ധന സര്‍ചാര്‍ജ് തിരികെ നൽകാനൊരുങ്ങി കെ എസ് ഇ ബി
തിരുവനന്തപുരം: മാർച്ച് മാസത്തിൽ കെഎസ്ഇബി ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതി ബില്ലിൽ കുറവു ചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങലിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽ നിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് യൂണിറ്റിന് രണ്ട് പൈസ ആയി കണക്കാക്കിയിട്ടുണ്ട്.
മാർച്ച് മാസത്തെ ബില്ലിൽ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2023 ഏപ്രിൽ മുതൽ ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സർചാർജ് സ്വീകരിച്ചുവരുന്നത്.