മാതൃക കേരളം ; ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം

By :  Devina Das
Update: 2026-02-28 04:28 GMT

കാസര്‍കോട്: ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുന്‍പേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യുഎഇ കമ്മിറ്റിയുടെ മുന്‍കൈയില്‍ നോമ്പുതുറയ്ക്ക് വേദിയായത്. മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു.

റംസാന്‍ വ്രതാനുഷ്ഠാനമുള്ളതിനാല്‍ പുനഃപ്രതിഷ്ഠാ ഉത്സവത്തിന്റെ അന്നദാനത്തിന് ക്ഷേത്രത്തിന് സമീപത്തെ മുസ്ലിംമത വിശ്വാസികള്‍ക്ക് പങ്കെടുക്കാനായിരുന്നില്ല. അതിന് പരിഹാരമായിട്ടാണ് സമൂഹനോമ്പുതുറ ഒരുക്കിയതെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി പറഞ്ഞു.ഇത്തരം ചടങ്ങുകള്‍ വര്‍ത്തമാനകാലത്ത് ഏവരും മാതൃകയാക്കേണ്ടതാണെന്ന് പരയങ്ങാനം മഹല്ല് ജമാ അത്ത് സെക്രട്ടറി അഷറഫ് പരയങ്ങാനം പറഞ്ഞു. കലവറ ഘോഷയാത്രകള്‍ക്ക് മഹല്ല് കമ്മിറ്റി വരവേല്‍പ്പ് നല്‍കുന്നതും നബിദിന ഘോഷയാത്രയ്ക്ക് തറവാട്ടുവക സ്വീകരണം നല്‍കുന്നതും പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News