ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം

By :  Devina Das
Update: 2026-02-28 08:38 GMT

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം. ഇന്ന് പുലർച്ചെ നഗരത്തിൽ പലയിടത്തും സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹം അടുത്തിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്‌റാനിൽ നിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്‌.ഇറാന്റെ ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്താൻ‍ അദ്ദേഹം തയ്യാറായില്ല. ടെഹ്റാനിൽ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ സ്‌ഫോടനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്‌തെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.അതേസമയം ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങി. ഇസ്രായേലിലേക്ക് മിസൈലുകൾ വിക്ഷേപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളെ സജ്ജരാക്കാൻ മുൻകൂർ മുന്നറിയിപ്പ് നൽകിയതാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ ആക്രമണം ആരംഭിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെ ടെഹ്റാനിൽ കൂടുതൽ സ്‌ഫോടനങ്ങൾ നടന്നു. ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ അവരുടെ വ്യോമപാത അടച്ചു. ടെഹ്റാനിൽ സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങുന്നതിനിടെയാണ് പൈലറ്റുമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്.

Similar News