ഇറാനെതിരായ ഇസ്രയേല്‍ - യുഎസ് ആക്രമണം;യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി
ന്യൂയോർക്ക്: ഇറാനെതിരായ ഇസ്രയേൽ - യുഎസ് ആക്രമണം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിലും പ്രതിഫലിക്കുന്നു. യുഎൻ രക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം യുഎസ് ഏറ്റെടുക്കുന്നതിൽ എതിർപ്പുമായി റഷ്യയും ചൈനയും. രക്ഷാസമിതിയുടെ പ്രതിമാസ അധ്യക്ഷ പദവിയിലേക്കായി യുഎസ് തയ്യാറാക്കിയ പ്രവർത്തന രേഖയ്ക്ക് അംഗീകാരം ലഭിച്ചില്ല.15 രാജ്യങ്ങളുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ അമേരിക്ക, മാർച്ച് മാസത്തേക്ക് ഏറ്റെടുത്തിരുന്നു. എന്നാൽ മാർച്ച് മാസത്തേക്കായി യുഎസ് തയ്യാറാക്കിയ യുഎൻഎസ്സി പിഒഡബ്ല്യു അംഗീകരിക്കുന്നതിനെ മറ്റ് സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും എതിർക്കുകയായിരുന്നു.
'യുഎസ് നിർദേശിച്ച പ്രവർത്തന പരിപാടിയിൽ ഇറാനെക്കുറിച്ചുള്ള ഉപരോധ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണമാണ് വിരുദ്ധ നിലപാട് എടുക്കാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് എന്ന് സമിതിയിലെ റഷ്യൻ പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവയുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2025 സെപ്തംബറിലാണ് ഇറാൻ വിരുദ്ധ പ്രമേയങ്ങൾ ആദ്യം നടപ്പിലാക്കിയത്.ഈ വിഷയത്തിൽ റഷ്യൻ നിലപാട് ഫെബ്രുവരിയിൽ യുഎസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. താൽക്കാലിക പ്രവർത്തന പരിപാടിയിൽ അത്തരമൊരു സംഭവം ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നീക്കവുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് എതിർപ്പ് ഉയർത്തിയതെന്നും റഷ്യൻ പ്രതിനിധി അറിയിച്ചു.
എതിർപ്പുയർന്നതോടെ മാർച്ച് 3 ന് നടത്താനിരുന്ന യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്‌സിന്റെ പത്രസമ്മേളനവും റദ്ദാക്കി.കൗൺസിൽ പ്രസിഡന്റുമാർ സാധാരണയായി രണ്ട് പ്രത്യേക പ്രവർത്തനങ്ങൾ അവതരിപ്പിക്കാറുണ്ട്. മാർച്ച് 2 ന് 'അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം' പേരിൽ 'സംഘർഷത്തിലെ കുട്ടികൾ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം' എന്നതായിരുന്നു ഇതിൽ ഒന്ന്. പരിപാടിക്ക് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു.
ഒരു ലോക നേതാവിന്റെ ഭാര്യ യുഎൻഎസ്സി യോഗത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സംഭവം കൂടിയായായിരുന്നു ഇത്. 'ഊർജ്ജം, നിർണായക ധാതുക്കൾ, സുരക്ഷ' എന്നിവ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ കാര്യ പരിപാടി.