ചർച്ചയായി നടുറോഡില്‍ വീട്ടമ്മയുടെ നിസ്‌കാരം
പാലക്കാട്: നഗരത്തിരക്കിൽ നടുറോഡിൽ നിസ്‌കാരവുമായി വീട്ടമ്മ. ഉച്ചയ്ക്ക് 12.30നാണ് നഗരത്തിലെ തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ ഐഎംഎ ജങ്ഷനിൽ ഒരു സ്ത്രീ നിസ്‌കാര പായ വിരിച്ച് നിസ്‌കാരം തുടങ്ങുകയായിരുന്നു.
കോയമ്പത്തൂർ കുനിയമുത്തൂരിൽ താമസിക്കുന്ന കൊല്ലങ്കോട് നണ്ടങ്കിഴായ സ്വദേശി അനീസുമ്മയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്.നടുറോഡിൽ നിസ്‌കാരം തുടങ്ങിയതോടെ റോഡിൽ ബ്ലോക്കായി. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും.
മരിച്ചു പോയ ഭർത്താവിന്റെ പേരിലുള്ള എട്ട് സെന്റ് പുരയിടം അദ്ദേഹത്തിന്റെ സഹോദരൻമാർ തനിക്ക് വീതം നൽകാതെ തട്ടിയെടുത്തതാണ് പ്രതിഷേധത്തിന് കാരണം. വില്ലേജിലും പഞ്ചായത്തിലും രാഷ്ട്രീയക്കാരോടും ഒക്കെ പറഞ്ഞുനോക്കി. രക്ഷയില്ലെന്ന് കണ്ടാണ് അനീസുമ്മ അറ്റകൈ പ്രയോഗവുമായി നടുറോഡിലിറങ്ങിയത്.
പൊലീസെത്തി അനുനയിപ്പിച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഇവരുടെ ബന്ധുക്കളോട് വരാൻ നിർദേശിച്ചിരിക്കുകയാണ് പൊലീസ്. ഒപ്പമുണ്ടായിരുന്ന സഹോദരൻ കടയിലേയ്‌ക്കോ മറ്റോ പോയപ്പോഴാണ് അനീസുമ്മ പ്രതിഷേധ നിസ്‌കാരം തുടങ്ങിയത്.