ശിവലിംഗത്തിൽ ആർത്തവരക്തം ഒഴുകുന്ന ചിത്രം: സുവർണ കേരളം ലോട്ടറി ടിക്കറ്റ് വിവാദത്തിൽ, ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുന്നു

Hindu groups protest against the picture on Kerala Government's Suvarna Keralam lottery ticket

Update: 2025-12-30 17:26 GMT

കൊച്ചി: കേരള സർക്കാർ ലോട്ടറി വകുപ്പിന്റെ 'സുവർണ കേരളം' ലോട്ടറി ടിക്കറ്റിലെ അച്ചടിച്ച ചിത്രം വൻ വിവാദമാകുന്നു.

ഹിന്ദു ഐക്യവേദിയും ബിജെപിയും ഉൾപ്പെടെയുള്ള സംഘടനകൾ ചിത്രത്തിനെതിരെ രൂക്ഷ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഹിന്ദു മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് പ്രധാന ആരോപണം.

ശിവലിംഗത്തിലേക്ക് ആർത്തവരക്തം വീഴുന്ന രീതിയിലുള്ള ചിത്രമാണ് ടിക്കറ്റിൽ ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബുവും ആരോപിച്ചു.

2026 ജനുവരി 2ന് നറുക്കെടുക്കുന്ന എസ്‌കെ 34 സീരീസ് ലോട്ടറി ടിക്കറ്റിലാണ് ഈ ചിത്രം അച്ചടിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.

പിണറായി വിജയൻ സർക്കാരും ഭരിക്കുന്ന പാർട്ടിയും ഹിന്ദു വിശ്വാസങ്ങളെ ആവർത്തിച്ച് അവഹേളിക്കുന്നുവെന്ന് ആർ.വി. ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സനാതന ധർമത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു സമൂഹം ഉണരേണ്ട സമയമാണിതെന്നും അല്ലെങ്കിൽ അത് സ്വയം നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹിന്ദു മതവിശ്വാസങ്ങളെയും പ്രതീകങ്ങളെയും അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് ഇടപെടലുകൾ ലൈംഗിക വൈകൃതങ്ങളെ സംസ്കാരമാക്കി അവതരിപ്പിക്കുന്നുവെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രമാണിതെന്നാണ് ലോട്ടറി വകുപ്പ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

Tags:    

Similar News