ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍
ഗുരുവായൂർ: ഭക്തർക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയിൽ . നാലമ്പല മുന്നിലെ പരമ്പരാഗത നിർമിതികളും ശീവേലി നേരം ഗജവീരന്റെ മുകളിൽ കീഴ്ശാന്തി കയ്യിലേന്തിയ ഗുരുവായൂരപ്പന്റെ പൊൻ തിടമ്പും പ്രകാശം പരത്തുന്നനിലയിലാണ് പുതിയ ദീപ വിതാനം. നവീനപ്രകാശ വിന്യാസമൊരുക്കുന്ന ഹൈ ബേ ലൈറ്റ്, ഫ്‌ളഡ് ലൈറ്റ്, സ്ട്രിപ്പ് ലൈറ്റ് എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ദേവസ്വം ഭരണസമിതി അംഗം കെ എസ് ബാലഗോപാൽ ആണ് 8.77 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രവൃത്തി വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചിരിക്കുന്നത്. നാളെ രാത്രി ഏഴു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ പുതിയ ദീപസംവിധാനം ഗുരുവായൂരപ്പനും ഭക്തർക്കുമായി സമർപ്പിക്കും. ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നാലമ്പലത്തിന് മുൻവശത്തെ ശീവേലിപ്പുര.ക്ഷേത്രത്തിലെ പരമ്പരാഗത നിർമ്മിതികളും തൂണുകളും കൂടാതെ ശീവേലി സമയത്ത് ഗജവീരന്റെ മുകളിലെ കോലത്തിലെ തിടമ്പ് തിളങ്ങുന്ന രീതിയിൽ പരാമവധി വെളിച്ചം ലഭിക്കുന്നതിനായി 30 high bay light , കൊടിമരം ഭംഗി ഉയർത്തികാണിക്കുന്നതിനായി Flood light , കൊടിമരത്തിന് ചുറ്റും Strip light എന്നിവ സ്ഥാപിച്ചാണ് ശീവേലിപ്പുര വർണ്ണാഭമാക്കിയത്.