ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു
ദുബൈ: യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകൾക്കനുസൃതമായി അധികൃതർ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. വിമാനത്താവളം അടച്ച സമയത്ത് യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് എയർലൈൻ ആവശ്യപ്പെട്ടു.'ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന, അതിൽ വിട്ടുവീഴ്ച ചെയ്യില്ല,'- എമിറേറ്റ്‌സ് എയർലൈൻ പറഞ്ഞു. ഫെബ്രുവരി 28 നും മാർച്ച് 31 നും ഇടയിൽ ബുക്കിങ് ഉള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ നൽകുമെന്നും എമിറേറ്റ്‌സ് പറഞ്ഞു.
ഏപ്രിൽ 30നോ അതിനുമുമ്പോ യാത്രയ്ക്കായി നിശ്ചയിച്ച സ്ഥലത്തേക്ക് ബദൽ വിമാനത്തിൽ ഉപഭോക്താക്കൾക്ക് റീബുക്ക് ചെയ്യാം. ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്തവർ അവരുമായി നേരിട്ട് ബന്ധപ്പെടണം. എമിറേറ്റ്സിൽ നേരിട്ട് ബുക്ക് ചെയ്തവർക്ക് എയർലൈനിന്റെ റീഫണ്ട് ഫോം പൂരിപ്പിച്ച് റീഫണ്ട് തെരഞ്ഞെടുക്കാം. ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്തവർ റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് അവരുടെ ഏജന്റുമാരുമായി ബന്ധപ്പെടണമെന്നും എമിറേറ്റ്‌സ് അറിയിച്ചു.