ഡിജിറ്റൽ അറസ്റ്റ് ;കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം;പരാതിനൽകി
പാലക്കാട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ കുടുക്കാൻ ശ്രമിച്ചു , തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ നിന്നെന്ന് പേരിലാണ് തട്ടിപ്പുകാർ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നും ലഭിച്ച നമ്പർ എന്ന പേരിൽ ആദ്യം ഇംഗ്ലിഷിലും ഹിന്ദിയിലും പിന്നീട് മലയാളത്തിലും എംഎൽഎയ്ക്ക് ഫോൺകോളുകൾ ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് വേഷത്തിൽ വിഡിയോ കോളിലും എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി.മുംബൈയിലെ ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാരുടെ വാദം. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്കു മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിലേക്ക് മാറാൻ ആയിരുന്നു നിർദേശം. ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ഇവർ ചോദിച്ചറിഞ്ഞു.ഫോൺ കോളിൽ സംശയം തോന്നിയ എംഎൽഎ വിഡിയോ കോൾ കട്ട് ചെയ്യുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. എംഎൽഎയുടെ ഡ്രൈവറാണു കുഴൽമന്ദം പൊലീസിൽ വിവരം അറിയിച്ചത്. പിന്നീടും പലതവണ തട്ടിപ്പുകാർ എംഎൽഎയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. സംഭവത്തിൽ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു