പശ്ചിമേഷ്യയിലെ സംഘർഷം ;യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകൾ ,നിലപാട് വ്യക്തമാക്കി ഇറാൻ
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ആണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക. യുദ്ധനഷ്ടപരിഹാരം നൽകുക. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നൽകുക എന്നിവയാണ് ഇറാൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ.പശ്ചിമേഷ്യയിൽ മേഖലയിലുടനീളം സംഘർഷം കടുക്കുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം പുറത്തുവരുന്നത്. ടെഹ്‌റാനിലും ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും തെക്കൻ ലബനനിലും ഇസ്രയേൽ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണികളെയും ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ എണ്ണ തുറമുഖങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇറാൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിലുള്ള വിഷയങ്ങൾ റഷ്യ, പാകിസ്ഥാൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നേതാക്കളുമായി സംസാരിച്ചപ്പോൾ അറിയിച്ചിരുന്നു. സയണിസ്റ്റ് ഭരണകൂടവും യുഎസും ആരംഭിച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, നഷ്ടപരിഹാരം നൽകുക, ഭാവിയിലെ ആക്രമണങ്ങൾക്കെതിരെ ഉറച്ച അന്താരാഷ്ട്ര ഗ്യാരണ്ടികൾ നൽകുക എന്നിവയാണ്. എന്ന് ഇറാൻ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു.അതിനിടെ, ഇറാനുമായുള്ള യുദ്ധം 'ഉടൻ' അവസാനിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.അമേരിക്കൻ സൈന്യത്തിന് ബോംബിടാൻ 'പ്രായോഗികമായി ഒന്നും ഇറാനിൽ ബാക്കിയില്ലെന്ന് ബുധനാഴ്ച ആക്‌സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അവകാശപ്പെട്ടു. തനിക്ക് ഇഷ്ടമുള്ളപ്പോൾ യുദ്ധം നിർത്താനുള്ള തീരുമാനം എടുക്കാമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിന് മുൻകൂട്ടി നിശ്ചയിച്ച പരിധികൾ ഇല്ലെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ ക്യാറ്റ്‌സിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്.