ഇറാൻസംഘർഷത്തിനിടെ ഡൂംസ്‌ഡേ' പരീക്ഷിച്ച് യുഎസ്

By :  Devina Das
Update: 2026-03-05 07:25 GMT

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ആണവ ആയുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനട്ട്മാൻ -3 പരീക്ഷണവുമായി യുഎസ്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി മിസൈൽ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.യുഎസിന്റെ 'ഡൂംസ്‌ഡേ' മിസൈൽ എന്നാണ് മിനട്ട്മാൻ -3 അറിയപ്പെടുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഏകദേശം 10,000 കിലോമീറ്ററോളം ദൂരപരിധിയും മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.യുഎസ് എയർഫോഴ്‌സ് ഗ്ലോബൽ സ്ട്രൈക്ക് കമാൻഡ് നടത്തിയ ഈ പരീക്ഷണത്തിൽ മിസൈൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. 'ജി.ടി255' എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം ആണവ പ്രതിരോധ വ്യൂഹത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പരീക്ഷണമാണെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് അറിയിച്ചു. അതേസമയം പരീക്ഷണം പശ്ചിമേഷ്യയിൽ സംഘർഷങ്ങളുമായി ബന്ധമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Similar News