കേന്ദ്ര ബജറ്റ് ;കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

By :  Devina Das
Update: 2026-02-01 08:40 GMT

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണനയെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റിൽ പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളത്തെ ഉൾപ്പെടുത്താതിരുന്നത് കടുത്ത വിവേചനമാണ്. സ്ഥലം കണ്ടെത്തി നൽകിയിട്ടും ഇത്തവണയും കേരളത്തിന് എയിംസ് അനുവദിച്ചില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.'ബജറ്റ് നിരാശപ്പെടുത്തുന്നതാണ്.

ബജറ്റിൽ ഏഴ് അതിവേഗ റെയിൽ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതിവേഗ റെയിൽ പദ്ധതിയുമായി കേന്ദ്രത്തിന്റെ അടുത്ത് ആദ്യമായി വന്നത് കേരളമാണ്. എന്നിട്ടും കേരളത്തെ പരിഗണിച്ചില്ല. അതിവേഗ റെയിൽ സംവിധാനം സംസ്ഥാനം തന്നെ മുൻകൈയെടുത്ത് കേന്ദ്രത്തിന് നൽകിയിരുന്നു. ഇതിന് അംഗീകാരം നൽകിയില്ല. എന്നാൽ പുതുതായി കേന്ദ്രം തന്നെ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ കേരളത്തെ ഉൾപ്പെടുത്താതിരുന്നത് കടുത്ത വിവേചനമാണ്.

'- പി രാജീവ് പറഞ്ഞു.'എയിംസ് ഇത്തവണയും നൽകിയില്ല. സ്ഥലത്തിന്റെ ലിസ്റ്റ് നൽകിയതാണ്. ആദ്യം മൂന്ന് സ്ഥലങ്ങളുടെ ലിസ്റ്റ് നൽകി. ഒരു സ്ഥലം കണ്ടെത്തി നൽകണമെന്ന് കേന്ദ്രം നിർദേശിച്ചപ്പോൾ വ്യവസായ വകുപ്പിന് ഏറെ ഡിമാൻഡുള്ള കിനാലൂരിലുള്ള ഭൂമി ആരോഗ്യവകുപ്പിന് കൈമാറി. അപ്പോഴും എയിംസിനെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. എന്നിട്ടും എയിംസ് നൽകിയില്ല. നികുതി വിഹിതത്തിൽ അർഹമായ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നു.

അതും ലഭിച്ചില്ല. ധാനു ഖനന ഇടനാഴി സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. നമ്മുടെ ധാതുക്കൾ അപ്പുറത്തേയ്ക്ക് കൊണ്ടുപോകാനാണോ ഇപ്പോൾ ഒരു പ്രഖ്യാപനം എന്നറിയില്ല. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ദേഭഗതികൾ സംസ്ഥാനത്തിന്റെ അധികാരം ദുർബലപ്പെടുത്തി കൊണ്ട് ധാതുക്കളുടെ ലേലം കേന്ദ്രത്തിന് നേരിട്ട് ചെയ്യാവുന്ന തരത്തിലാണ്.

സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കാനാണോ പുതിയ പദ്ധതി എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ കേരളത്തിന് കടുത്ത അവഗണനയാണ് ബജറ്റിൽ ഉള്ളത്'- പി രാജീവ് കൂട്ടിച്ചേർത്തു.

Similar News