ഇറാനെതിരായ ആക്രമണം ;പുതിയ നേതാവ് മുജ്തബയെയും വധിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി
ജെറുസലേം: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിക്ക് പകരം ആരെ പുതിയ പരമോന്നത നേതാവായി തീരുമാനിച്ചാലും അയാളെയും വകവരുത്തുമെന്ന് ഇസ്രയേൽ. അലി ഖമേനിക്ക് പകരക്കാരനായി ഇറാൻ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും 'ഉന്മൂലനത്തിന്' വിധേയരാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. അലി ഖമേനിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും ലോകത്തെയും മേഖലയിലെ രാജ്യങ്ങളെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതിക്ക് നേതൃത്വം നൽകുന്നതിനായി ഇറാനിയൻ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും ഉന്മൂലനത്തിന് വിധേയനാകും. അയാളുടെ പേര് എന്താണെന്നോ അയാൾ എവിടെ ഒളിച്ചിരിക്കുന്നു എന്നതോ പ്രശ്‌നമല്ല. ഇറാനിലെ ഭീകര ഭരണകൂടത്തെ തകർത്തെറിയാൻ അമേരിക്കയുമായി ചേർന്ന് ഇസ്രയേൽ സർവശക്തിയുമെടുത്ത് പോരാടുമെന്നും ഇസ്രയേൽ കാറ്റ്‌സ് വാർത്താക്കുറിപ്പിൽ പറഞ്ഞു.