ഉറക്കം വരാത്തപ്പോൾ ഹൊറർ സിനിമ കാണും; അപ്പോൾ തന്നെ എന്റെ മനസ് ശാന്തമാകും-പവൻ കല്യാൺ
അടുത്തിടെ കണ്ട സിനിമകളിൽ തന്നെ വളരെയധികം ആകർഷിച്ച സിനിമകളെക്കുറിച്ചു തുറന്നു പറഞ്ഞു ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. 'ധുരന്ധർ' എന്ന ചിത്രത്തിന്റെ ബോൾഡ് ആയ കഥ പറച്ചിലിനെയും നിർമാതാക്കളുടെ ധീരമായ ശ്രമത്തെയും പവൻ കല്യാൺ അഭിനന്ദിച്ചു. "എനിക്ക് ധുരന്ധർ വളരെയധികം ഇഷ്ടമായി.
ധുരന്ധർ ചെയ്യാനുള്ള ആ ധൈര്യത്തെയും എനിക്ക് ഇഷ്ടമായി. തിയറ്ററിൽ പോയി കാണാൻ സമയം ഇല്ലാത്തതിനാൽ രണ്ടാം ഭാഗം ഞാൻ കണ്ടില്ല. പക്ഷേ അവർ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടു".- പവൻ കല്യാൺ പറഞ്ഞു. അതോടൊപ്പം ഹിന്ദി സിനിമയും തെന്നിന്ത്യൻ സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും പവൻ കല്യാൺ പറഞ്ഞു.ഒരു പ്രാദേശിക വീക്ഷണകോണിലൂടെ സിനിമ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് ഭാഷയിലാണെങ്കിലും ശക്തമായ കഥയാണ് പറയുന്നതെങ്കിൽ ആ സിനിമയെ അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാരമുള്ള എന്ന സിനിമയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി."എനിക്ക് ഹൊറർ സിനിമകൾ ഇഷ്ടമാണ്, കാരണം അവ എന്നെ ആകർഷിക്കുന്നു. അവ നമ്മെ ചിന്തിക്കാൻ അനുവദിക്കുന്നില്ല. അവ നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തുന്നു. അല്ലെങ്കിൽ നമ്മുടെ മനസ്സ് പാടെ മാറും. എനിക്ക് ഉറക്കം വരാതിരിക്കുമ്പോൾ, ഞാൻ ഒരു ഹൊറർ സിനിമ കാണും, പെട്ടെന്ന് എന്റെ മനസ് ശാന്തമാകും."- അദ്ദേഹം പറഞ്ഞു.
'ബാരാമുള്ള'യെക്കുറിച്ച് കൂടുതൽ സംസാരിക്കവെ, 1980-കളുടെ അവസാനത്തിൽ കശ്മീരിലെ ശ്രീനഗറിലേക്കുള്ള തന്റെ സന്ദർശനങ്ങളെക്കുറിച്ച് ചിത്രം തന്നെ ഓർമിപ്പിച്ചതായി പവൻ കല്യാൺ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ അനുഭവങ്ങളെക്കുറിച്ച് ഈ ചിത്രം വ്യത്യസ്തമായൊരു കാഴ്ചപ്പാട് നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.