"അലൈകള്‍ ഓവതില്ലൈ ";ആദ്യ ചിത്രത്തിൽ തിയേറ്റർ നിറച്ച 'ഇയക്കുനാർ ഇമയം';ഓർമ്മകളിൽ ഭാരതിരാജ
തമിഴ് സിനിമാലോകത്ത് പുത്തൻ ദൃശ്യഭാഷ പകർന്നു നൽകിയ സംവിധായകനാണ് പി ഭാരതി രാജ. ഗ്രാമീണതയുടെ നൈർമ്മല്യവും മണ്ണിന്റെ മണവും സാധാരണ മനുഷ്യരുടെ ജീവിതവുംകാമറക്കണ്ണുകളിലൂടെ അഭ്രപാളികളിലേക്ക് പകർത്തിയതിൽ ഏറ്റവും പ്രഗത്ഭനായിരുന്നു അദ്ദേഹം .ഇത്തരം ആവിഷ്കരണ രീതിയിലൂടെ ഭാരതിരാജ എന്ന മുടിചൂടാമന്നൻ ചേക്കേറിയത് തമിഴക ആസ്വാദക മനസ്സുകളിലേക്കായിരുന്നു .'സംവിധായകരുടെ തലൈവൻ' എന്നർത്ഥം വരുന്ന 'ഇയക്കുനാർ ഇമയം' എന്നാണ് തമിഴ് സിനിമാലോകത്ത് ഭാരതിരാജ അറിയപ്പെടുന്നത്.സ്റ്റുഡിയോയുടെ നാല് ചുമരുകൾക്ക് വെളിയിലേക്ക് കൊണ്ടുപോയ, കാഴ്ചയുടെ പുതിയ വിതാനം തീർത്ത സംവിധായകൻ കൂടിയായ അദ്ദേഹം ഇപ്പോഴത്തെ തേനി ജില്ലയിൽ 1942 ഓഗസ്റ്റ് 23 ന് ജനിച്ചു .
1977 ൽ കമൽഹാസൻ, ശ്രീദേവി, രജനീകാന്ത് എന്നിവരെ പ്രധാനവേഷത്തിൽ അണിനിരത്തി പുറത്തിറങ്ങിയ 16 വയതിനിലേ ആണ് ഭരതിരാജ സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച സംവിധായകനും മികച്ച നടന് കമൽഹാസനും അടക്കം സംസ്ഥാന പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ പതിനാറു വയതിനിലേയിലൂടെ പുതിയൊരു സംവിധായക പ്രതിഭ കൂടി തമിഴകത്ത് ഉദയം കൊള്ളുകയായിരുന്നു. എസ് ജാനകിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ്, കമൽഹാസന് ഫിലിം ഫെയർ അവാർഡ്, ശ്രീദേവിക്ക് മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം എന്നിവയും ലഭിച്ചു.
1978 ൽ ചുകപ്പു റോജാക്കൾ, കിഴക്കേ പോകും റെയിൽ എന്നീ ചിത്രങ്ങളും 1979 ൽ പുതിയ വാർപ്പുകൾ, നിറം മാറാത പൂക്കൾ എന്നീ സിനിമകളും അണിയിച്ചൊരുക്കി. നിഴൽകൾ, അലൈകൾ ഓവതില്ലൈ, ടിക് ടിക് ടിക് , ഒരു കൈതിയൻ ഡയറി, മുതൽ മര്യാദൈ, കടലോര കവിതൈകൾ, വേദം പുതിയത്, നാടോടിത്തെന്റൽ, കിഴക്ക് ചീമയിലൈ, തുടങ്ങിയവ ഭാരതിരാജയുടെ ഹിറ്റ് സിനിമകളാണ്. 2020 ഭാരതിരാജ അഭിനയിച്ച മീണ്ടും ഒരു മര്യാദൈ ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ.രജനീകാന്ത്, കമൽഹാസൻ, ശിവാജി ഗണേശൻ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംവിധാനത്തിനു പുറമേ, കാമറയ്ക്ക് മുന്നിലും ഭാരതിരാജ തിളങ്ങി. മലയാളത്തിൽ മോഹൻലാലിന്റെ തുടരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ റോളിലാണ് ഭാരതിരാജ തുടരും ചിത്രത്തിൽ അഭിനയിച്ചത്. ആയുധ എഴുത്ത്, പാണ്ടിനാട്, ഈശ്വരൻ, തിരുച്ചിത്രംബലം, മഹാരാജ തുടങ്ങിയ സിനിമകളും വേഷമിട്ടിട്ടുണ്ട്.പുലവർ എന്ന സിനിമയിലാണ് ഏറ്റവുമൊടുവിൽ ഭാരതിരാജ അഭിനയിച്ചത്. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സിനിമാ രംഗത്തു നൽകിയ സംഭാവനകൾ പരിഗണിച്ച് 2004 ൽ രാജ്യം ഭാരതിരാജയ്ക്ക് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയുടെ ജൂറി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രലീലാവതി. ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ എന്നിവരാണ് മക്കൾ. കഴിഞ്ഞവർഷം മാർച്ചിൽ മകൻ മനോജ് ഹൃദയാഘാതം മൂലം മരിച്ചതിനെത്തുടർന്ന് ഭാരതിരാജ, മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലായിരുന്നു.