വിരസത മാറ്റിയ ഐക്കോണിക് എന്‍ട്രി;ചിരിയുടെ മണവാളൻ ;വേദനയുടെ കടലാഴം ഒളിപ്പിച്ചു മടക്കം

By :  Devina Das
Update: 2026-06-08 11:47 GMT

വലിയ ചിരിയൊന്നുമില്ലാതെ അൽപ്പം ഡ്രമാറ്റിക് ആയി പോവുകയായിരുന്ന ഷാഫിയുടെ പുലിവാൽ കല്യാണം സിനിമയിലേക്ക് ചിരിയുടെ പെരുമഴക്കാലം തീർത്തുകൊണ്ട് മുംബൈയിൽ നിന്നും ധർമേന്ദ്രയുടെ ടാക്‌സി കാറും പിടിച്ച് ഒരാൾ വന്നു . ആ കാറ് യാത്ര തുടങ്ങിയത് മുതൽ തിയേറ്ററിൽ ചിരിയില്ലാതെ ഒരു നിമിഷം പോലും കടന്നു പോയിട്ടില്ല. കാലങ്ങൾക്കിപ്പുറവും മണവാളനും ധർമേന്ദ്രനും മലയാളികളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു .സിനിമയിലെ വിരസത മാറ്റിയ ആ ഐക്കോണിക് എൻട്രി പോലെ തന്നെയായിരുന്നു ഓരോ സലിം കുമാർ കഥാപാത്രങ്ങളും മലയാളിയ്ക്ക്. ജീവിതത്തിൽ ഒന്നും ശരിയാകുന്നില്ലെന്ന് തോന്നുമ്പോഴൊക്കെ എവിടെ നിന്നോ വണ്ടിയും പിടിച്ച് ഏതെങ്കിലുമൊക്കെ സലിം കുമാർ കഥാപാത്രമോ ഡയലോഗോ തേടിയെത്തും. ട്രോളുകളിലും മീമുകളിലും വാട്‌സ് ആപ്പ് സ്റ്റിക്കറുകളിലുമെല്ലാം സലിം കുമാർ നിറഞ്ഞു നിൽക്കുന്നു.ജീവിതത്തിലെ സകല പ്രതീക്ഷയും അറ്റിട്ടും, ഒന്നു കൂടിയൊന്ന് ശ്രമിച്ചു നോക്കാമെന്ന് മലയാളി തീരുമാനിക്കുമ്പോൾ അത് ഇനി ചിലപ്പോൾ ബിരിയാണി കൊടുത്താലോ എന്ന പ്രതീക്ഷപ്പുറത്താകും. ഇനി പ്രതീക്ഷയൊക്കെ നഷ്ടപ്പെട്ടിട്ടും പരിശ്രമം തുടരുന്നത് കാണുമ്പോഴാകട്ടെ ഒടു നെടുവീർപ്പായി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ കടന്നു വരും. സാഹചര്യങ്ങളോട് പെരുത്തപ്പെടാനുമുണ്ടൊരു സലിം കുമാർ ഡയലോഗ്, ഉഷ്ണം ഉഷ്‌ണേനെ ശാന്തികൃഷ്ണ എന്നല്ലേ..!പെട്ടു എന്നുറപ്പാകുന്ന ഘട്ടത്തിൽ, മുമ്പിൽ മറ്റൊരു വഴിയും കാണാതാകുമ്പോൾ കൂടെയുള്ളവർക്ക് ഒറ്റ മുന്നറിയിപ്പേ നമുക്ക് കൊടുക്കാനുണ്ടാകൂ, അത് ആരും പേടിക്കണ്ട, ഓടിക്കോ..! എന്നായിരിക്കും. ഗൾഫിൽ നിന്നും വരുന്ന ഏതൊരു മലയാളിക്കും പറയാനുണ്ടാകും അബ്ദുള്ളയുടേയും ഷേക്ക് അബ്ദുള്ളയുടേയും കഥ. ഗൾഫുകാരുടെ ദേശീയ പക്ഷിയാണ് ഒട്ടകപക്ഷിയെന്നും നമുക്കറിയാം. ഇംഗ്ലീഷ് പഠിക്കണേൽ കഞ്ചാവ് വലിച്ചാൽ മതിയെന്നും ആ ഇംഗ്ലീഷ് ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർസ് ആയിരിക്കുമെന്നും ആർക്കാണ് അറിയാത്തത്. ഒരുകാര്യത്തിൽ നിന്നും മറ്റൊന്നിലേക്ക് കടക്കാൻ നേരം ലോകത്ത് മറ്റെവിടേയും ബൈ ദി വെ എന്നായിരിക്കും പറയുക, പക്ഷെ നമുക്കത് ബൈ ദുബായ് ആണ്.

സ്വന്തം കണ്ടുപിടിത്തതിൽ അൽപ്പം തലക്കനം ആകാമെന്ന് തോന്നുമ്പോൾ കന്നിമാസം വന്നോ എന്നറിയാന് പട്ടിക്ക് കലണ്ടർ നോക്കേണ്ട ആവശ്യം ഇല്ലെന്ന് എന്നാകും പറയുക. ഇനി അബദ്ധം പറ്റിയെന്ന് കുറ്റസമ്മതം നടത്താനാണെങ്കിൽ, അയാം ദി സോറി അളിയാ അയാം ദി സോറിയും പറയാം. ചുരുണ്ട മുടിയൊന്ന് നീണ്ടാൽ, അത് മുന്നോട്ടിട്ട് ഐ ആം മൈക്കിൾ ഏലിയാസ്, ജാക്‌സൺ ഏലിയാസ് വിക്രം ഏലിയാസ് എന്നും പറഞ്ഞ് ഊതി പറപ്പിക്കാത്തവരുണ്ടോ? സകല പ്ലാനിങ്ങും തവിടു പൊടിയാകുമ്പോൾ മലയാളി ഇന്നും പറയുന്നത് അങ്ങനെ പടക്ക കമ്പനി ഖുഗാ ഗവ എന്ന് തന്നെയായിരിക്കും.

ഒരു കാര്യത്തിൽ നിന്നും അടുത്ത കാര്യത്തിലേക്ക് ഓടുന്നതിനിടെ നിനക്കുള്ളത് അടുത്ത ബെള്ളിയാഴ്ച തരാം എന്ന് മുന്നറിയിപ്പ് നൽകാനും നമ്മൾ മറക്കാറില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ അപ്പോൾ നമ്മൾ അടുത്തിരിക്കുന്നവർക്ക് മുന്നറിയിപ്പ് കൊടുക്കില്ലേ, ഇതടിച്ച് ചിരിക്കരുതേ, ചിരി തൊടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല എന്ന്. ഫേമസ് ആണേലും അല്ലെങ്കിലും കണ്ടിട്ട് തിരിച്ചറിഞ്ഞില്ലേൽ ജാഡി തെണ്ടിയെന്ന് വിളിച്ചല്ലേ നമ്മൾ കലിപ്പിടക്കുന്നത്.

അങ്ങനെ എത്രയെത്ര സലിം കുമാർ ഡയലോഗുകളാണ് മലയാളിയുടെ നിഖണ്ഡുവിലേക്ക് നമ്മൾ പോലുമറിയാതെ കടന്നു വന്നിരിക്കുന്നത്. അർത്ഥമുള്ള വാക്കുകൾ മാത്രമല്ല, സലിം കുമാർ തന്നെ ഉണ്ടാക്കിയെടുത്ത, അദ്ദേഹം സ്വയം കൽപ്പിച്ച അർത്ഥമുള്ള വാക്കുകളും പ്രയോഗങ്ങളുമുണ്ട് ആ നിഖണ്ഡുവിൽ. വാക്കുകളിലൂടെ മാത്രമല്ല, എക്‌സ്പ്രഷനുകളിലൂടേയും സലിം കുമാർ നമുക്കായി സംസാരിക്കുന്നു. ഒരു വാക്ക് പോലും പറയാതെ, ഒരുപാട് സംസാരിക്കുന്ന എത്രയെത്ര മീമുകളാണ് ആ എക്‌സ്പ്രഷനുകളിൽ നിന്നും ഉതിർന്നു വീണിട്ടുള്ളത്. ചിരിയുടെ മണവാളന്, പ്രിയപ്പെട്ട പ്യാരിയ്ക്ക് വിട.      

Similar News