എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

By :  Devina Das
Update: 2026-06-04 10:26 GMT

ചെന്നൈ: എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലർ' സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം .ടെക്നീഷ്യനായ മദൻ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചു ​മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈ പെരുമ്പൂരിലെ ബിന്നി മിൽസ് കോംപ്ലക്സിൽ വച്ച് ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ ബലൂൺ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാങ്കേതിക പ്രവർത്തകരെ ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മദൻറെ ജീവൻ രക്ഷിക്കാനായില്ലസാങ്കേതിക പ്രവർത്തകരായ ശക്തിവേൽ (27) സൂര്യ (23), ദിനകരൻ (24) എന്നിവർക്ക് പരിക്കേറ്റു.

ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊട്ടിത്തെറിയുടെ യഥാർഥ കാരണം കണ്ടെത്തുമെന്നും ഷൂട്ടിങ് സമയത്ത് സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ചിത്രത്തിൻറെ ഷൂട്ടിങ് താല്കാലികമായി നിർത്തിവച്ചു.അപകട സമയത്ത് നടൻ എസ് ജെ സൂര്യ സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രീതി അസ്രാനി ആണ് ചിത്രത്തിലെ നായിക. സംവിധാനത്തിലെ സൂര്യ മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കില്ലർ. സംഭവത്തിൽ എസ് ജെ സൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar News