അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുക്കുന്നില്ല ;'ബെൻസി'ൽ രാഘവ ലോറൻസിനും നിവിനുമൊപ്പം രവി മോഹനും
ഭാര്യ ആരതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്നുള്ള തീരുമാനത്തിൽനിന്ന് പിന്മാറി നടൻ രവി മോഹൻ .
ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബെൻസി'ൽ നടൻ രവി മോഹനും അഭിനയിക്കുന്നു . ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകൻ. ലോകേഷ് തന്നെയാണ് രവി മോഹനെ സ്വാഗതം ചെയ്തു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് നിവിൻ പോളിയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് സംവിധായകൻ ഭാഗ്യരാജ് കണ്ണൻ. ബെൻസിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കർ ആണ് നിർവഹിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു.ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിലെ ആക്ഷൻസ് ഒരുക്കുന്നത് അനൽ അരശ് ആണ്. സുധ കൊങ്കര ഒരുക്കിയ പരാശക്തി ആണ് അവസാനമായി പുറത്തുവന്ന രവി മോഹൻ ചിത്രം. ശിവകാർത്തികേയൻ നായകനായി എത്തിയ സിനിമയിൽ വില്ലനായാണ് രവി മോഹൻ എത്തിയത്.