പല നടിമാരും എനിക്കൊപ്പം അഭിനയിക്കാൻ തയ്യാറായില്ല ;പക്ഷെ മധു മാഡം ഓക്കെ പറഞ്ഞു'; ഇന്ദ്രന്‍സ്
പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ദ്രൻസ്-മധുബാല ചിത്രമാണ് ചിന്ന ചിന്ന ആസൈ. വർഷങ്ങൾക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷത ചിത്രത്തിനുണ്ട് .കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ മധുബാല തന്റെ നായികയായി എത്തുന്നതിനെക്കുറിച്ച് ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.
''സിനിമകൾ കുറേ ചെയ്യുമെങ്കിലും ഇതുപോലെ ജീവനുള്ള ചില കഥാപാത്രങ്ങൾ ഉണ്ടാകും. അത് സംഭവിക്കുന്നത് വരെ ഭയങ്കര ആധിയാണ്. വർഷ വന്ന് ഇതിന്റെ കഥ പറഞ്ഞപ്പോൾ എനിക്ക് നല്ല ഇഷ്ടമായി. വേറൊന്നും ചോദിക്കാതെ ഞാൻ റെഡി പറഞ്ഞു. അന്നും മധു മാഡമിന്റെ പേര് പറഞ്ഞിരുന്നു. ആരാണ് മാധവൻ മാഷ് എന്ന് ചോദിച്ചാൽ പേര് പറയല്ലേ, തീരുമാനിച്ചില്ല എന്നേ പറയാവൂ എന്ന് പറയണമെന്നുണ്ടായിരുന്നു. ഇല്ലെങ്കിൽ ചിലപ്പോൾ അവർ വിളിച്ച് അന്വേഷിക്കും, അത് ഇവിടെ കോമഡിയൊക്കെ ചെയ്യുന്ന ഒരുത്തനാണെന്ന് പറഞ്ഞാൽ അവർ വിട്ടു പോയേക്കും. അഭിനയിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പോകും'' എന്നാണ് ഇന്ദ്രൻസ് പറയുന്നത്.
''എനിക്ക് ചില സിനിമകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളോട് വലിയ ആർട്ടിസ്റ്റിന്റെ പേര് പറയും. അവസാനം ആകുമ്പോൾ അവരെയൊന്നും കിട്ടാതാകും. നമുക്ക് നമ്മുടെ കഥാപാത്രം നോക്കിയാൽ മതി. എങ്കിലും അതൊരു ആധിയായി കിടക്കും. ഇത് മധു മാഡം സമ്മതിച്ചു, ഇഷ്ടമായി എന്ന് വർഷ വന്ന് പറഞ്ഞു. ഞാനും ആ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകുമ്പോഴും ഒരാഴ്ച നീളുമ്പോഴും എനിക്ക് വെപ്രാളമാണ്. എങ്ങാനും അവർ മാറിപ്പോയാൽ പിന്നെ ആരെങ്കിലും ആയിരിക്കും വരിക. അത് സിനിമയുടെ വിജയത്തേയും ബാധിക്കും. അതിനാൽ ഞാൻ ആധി പിടിച്ചിരുന്നതാണ്. പക്ഷെ അത് സംഭവിച്ചില്ല. മധു മാഡം വന്നു. അതിൽ വളരെ സന്തോഷമുണ്ട്. 19-ാം തിയ്യതിയ്ക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ്.'' എന്നും അദ്ദേഹം പറയുന്നു.
അതേസമയം തുടക്കം കാലം മുതൽ നായകനായി അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നതിനെക്കുറിച്ചും ഇന്ദ്രൻസ് പറയുന്നുണ്ട്. അന്ന് ഹേമ മാലിനിയുടെ നായകനായി അഭിനയിക്കണമെന്നായിരുന്നു ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്.
''ഹേമ മാലിനിയെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. ആ കുടുംബത്തിൽ നിന്നു തന്നെയാണ് മധു മാഡത്തെ കിട്ടിയത്. ആഗ്രഹിച്ചിരുന്ന പലതും പറഞ്ഞിരുന്നില്ല. അങ്ങനൊരു കോലത്തിലാണ് അതൊക്കെ ആഗ്രഹിച്ചത്. ഇപ്പോഴും കോലത്തിലൊന്നും മാറ്റം വന്നിട്ടില്ല. പക്ഷെ, തലമുറ മാറിയപ്പോൾ ഞാൻ അവർക്ക് പാകമാകുന്ന ആളായി. വിട്ടു പോകാതെ, ഓരം ചേർന്നു നിൽക്കാതെ നീന്തിയതു കൊണ്ട് മാറിയ തലമുറ തന്ന സമ്മാനമായിരിക്കും'' താരം പറയുന്നു.