കൈകൾ പറയും കരൾരോഗ ലക്ഷണങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണെല്ലോ കരൾ. ശരീരത്തിനുള്ളിലെ ഏതാണ്ട് അഞ്ഞൂറിലധികം പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു അവയവം. ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിലും രക്തപ്രവാഹത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുന്നതിനുമെല്ലാം കരളാണ് പ്രധാനി.അതുകൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന പ്രശ്നങ്ങൾ നമ്മുടെ ജീവൻ അപകടത്തിലാക്കാം. കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തത് വെല്ലുവിളിയാണ്. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പുറത്തുവരിക. കരൾ രോഗവുമായി ബന്ധപ്പെട്ട് കൈകളിൽ പ്രത്യക്ഷപ്പെടുന്ന ചില സൂചനകളുണ്ട്.
നഖം വളയുക
വിരലുകളുടെ അറ്റം വീർത്ത് നഖങ്ങൾ പുറത്തേക്ക് വളഞ്ഞ് നിൽക്കുന്ന അവസ്ഥയെ വിളിക്കുന്നത് നെയിൽ ക്ലബിങ് എന്നാണ്. കണ്ടാൽ ഒരു സ്പൂൺ കമഴ്ത്തി വച്ച പോലെയാകും നഖങ്ങളുടെ അവസ്ഥ. ഇത് ആദ്യം തള്ളവിരലിലും ചൂണ്ടുവിരലിലുമാകും പ്രത്യക്ഷപ്പെടുക.
കരൾ വീക്കം അഥവാ ലിവർ സിറോസിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണമാണിത്. കരൾവീക്കം മൂലം വിരലുകളിലേക്കുള്ള രക്തപ്രവാഹം വർധിക്കുകയും ഇവിടുത്തെ ധമനികളെ വികസിപ്പിക്കുന്നതുമാണ് നെയിൽ ക്ലബിങ്ങിന് കാരണമാകുന്നത്.
ചുവന്ന കൈത്തലം
കൈത്തലം ചുവന്ന് തുടുക്കുന്നതും കരൾ വീക്കത്തിന്റെ ഒരു ലക്ഷണമാകാം. കൈകൾക്ക് ചെറിയ ചൂടും അനുഭവപ്പെടാം. എന്നാൽ നീരോ, വേദനയോ, ചൊറിച്ചിലോ ഒന്നും ഇതിന്റെ ഭാഗമായി ഉണ്ടാകില്ല. കരൾ വീക്കം വന്നവരിൽ 23 ശതമാനം പേർക്കും ചുവന്ന കൈത്തലങ്ങൾ കാണപ്പെടാമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ തവിട്ട്, കറുപ്പ് ചർമനിറമുള്ളവരിൽ ഈ ലക്ഷണം അത്ര പ്രകടമാകില്ല.
ടെറി നെയിൽസ്
നഖത്തിന്റെ ഭൂരിഭാഗം പ്രദേശവും വെളുത്തിരിക്കുന്ന അവസ്ഥയാണ് ടെറി നെയിൽസ്. കരൾവീക്കമുള്ളവരിൽ 10ൽ എട്ട് പേർക്കും വെളുത്ത നഖം ഉണ്ടായിരിക്കുമെന്ന് കണ്ടെത്തിയ ഗവേഷകൻ റിച്ചാർഡ് ടെറിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
കൈകളിലെ ഈ മൂന്ന് ലക്ഷണങ്ങൾക്ക് പുറമേ ചർമത്തിൽ എട്ട് കാലിയുടെ രൂപത്തിലുള്ള ചുവന്ന പാടുകൾ, തൊലിപ്പുറത്തെ ചെറിയ ചുവന്ന പൊട്ടുകൾ, ചർമത്തിലും കൺപോളകളിലും ചെറിയ മഞ്ഞ കൊഴുപ്പ് നിക്ഷേപങ്ങൾ, എളുപ്പത്തിലുള്ള രക്തസ്രാവം തുടങ്ങിയവയും കരൾ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.
ഇതിനൊപ്പം അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ലൈംഗിക താത്പര്യം നഷ്ടമാകൽ, മഞ്ഞപിത്തം, ചർമത്തിൽ ചൊറിച്ചിൽ, ഛർദ്ദി, ഓക്കാനം, അടിവയറ്റിൽ വേദന, വയറിലും കാലുകളിലും കണങ്കാലിലുമൊക്കെ നീര്, കൈ വിറയൽ, കുഴഞ്ഞ സംഭാഷണം, ആശയക്കുഴപ്പം, രക്തം ഛർദ്ദിക്കൽ, കറുത്ത നിറത്തിലുള്ള മലം എന്നിവയും കരൾ രോഗങ്ങളുടെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.