എന്താണ് വിരാട് കോഹ്‌ലി പറഞ്ഞ ഇംപോസ്റ്റർ സിൻഡ്രോം?
ഇംപോസ്റ്റർ സിൻഡ്രോം സ്വന്തം എന്നത് നേട്ടങ്ങളെ സംശയിക്കുകയും കുറ്റബോധം തോന്നുകയും അത് ആസ്വദിക്കാൻ ഭയപ്പെടുകയും ചെയ്യുന്ന ഒരുതരം മാനസികാവസ്ഥയാണ് . പരീക്ഷയിൽ മുഴുവൻ മാർക്ക് ലഭിച്ചാലും അത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കരുതാതെയിരിക്കുകയും പിന്നീട് അതിൽ കുറ്റബോധം തോന്നുകയും ചെയ്യുക. ‘ഞാൻ ഇതിനൊന്നും അർഹനല്ല, ഭാഗ്യം കൊണ്ടാണ് എനിക്ക് ഇത് കിട്ടിയത്’. ഈ വിട്ടുമാറാത്ത ഭീതിയെയാണ് ഇംപോസ്റ്റർ സിൻഡ്രോം എന്ന് വിളിക്കുന്നത്.
ഇത്തരം മനോഭാവമുള്ളവർ തങ്ങളുടെ വിജയം വെറും ഭാഗ്യം കൊണ്ട് മാത്രം ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു. തനിക്ക് കഴിവുണ്ടെന്ന് എല്ലാവരെയും താൻ കബിളിപ്പിക്കുകയാണെന്ന തരത്തിലാണ് അവർ സ്വയം വിലയിരുത്തുക. വിജയങ്ങൾ എത്ര ഉണ്ടായാലും അശുഭാപ്തി ചിന്താ പ്രക്രിയ അവരുടെ നേട്ടങ്ങൾക്ക് വെല്ലുവിളി ഉയർത്താം. ഏകദേശം 70 ശതമാനം ആളുകൾക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇംപോസ്റ്റർ സിൻഡ്രോം അനുഭവപ്പെടുമെന്നാണ് ഇന്റർനാഷണൽ ജേണൽ ഓഫ് ബിഹേവിയറൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
ഈ മാനസികാവസ്ഥയെ ഇംപോസ്റ്റർ സിൻഡ്രോമെന്ന് ആദ്യം വിശേഷിപ്പിച്ചത് സൈക്കോളജിസ്റ്റായ പോളിൻ ക്ലാൻസും സൂസന്നെ ഇംസും ചേർന്നാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇംപോസ്റ്റർ സിൻഡ്രോം കൂടുതലായും കണ്ട് വരാറ്. വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റർ സിൻഡ്രോമിന് പ്രേരണകളാവാറുണ്ട്.
ആത്മവിശ്വാസവും ആത്മാഭിമാനവും ഇക്കൂട്ടരിൽ നന്നേ കുറവായിരിക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കിയും സൗഹൃദങ്ങളിലൂടെയും സംശയങ്ങളെ വെല്ലുവിളിച്ചുമൊക്കെ ഒരുപരിധിവരെ മറികടക്കാം. ഇതൊന്നും ഫലം കാണുന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടേണ്ടതും പ്രധാനമാണ്.