രക്തസമ്മർദം കുറയ്ക്കാൻ കഫീൻ ഇല്ലാത്ത "തഴുതാമ ചായ"

By :  Devina Das
Update: 2026-05-22 10:11 GMT

രാവിലെയുള്ള ചായയും പ്രഷറും

രാവിലെ ഉണർന്നെഴുന്നേൽക്കുന്ന ഒരാളിന് രക്തസമ്മർദ്ദം അൽപ്പം കൂടുതലായിരിക്കും. കിടക്കയിൽ നിന്നും എഴുന്നേൽക്കുന്ന ആളിനെ ദൈനംദിന ചലനങ്ങൾക്ക് തയ്യാറാക്കാൻ അല്പം പ്രഷർ ആവശ്യമാണ്. കുറച്ച് നടക്കുകയോ വീടിന് പുറത്തിറങ്ങി പൂന്തോട്ടത്തിൽ ഉലാത്തുകയോ പ്രഭാതസവാരിയിലേർപ്പെടുകയോ ചെയ്താൽ ഇത് പതുക്കെ കുറയും.

എന്നാൽ ചായയോ കാപ്പിയോ കുടിച്ചാൽ വീണ്ടും പ്രഷർ കുടും. കാപ്പിയിലും തേയിലയിലുമുള്ള കഫീൻ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇത് അൽപ്പം ഉണർവും ഉൻമേഷവും നൽകുന്നു. ചായയിലും കാപ്പിയിലുമുള്ള പഞ്ചസാരയും അൽപ്പം ഊർജ്ജം ഉടനടി ലഭിക്കുന്നതിന് കാരണമാവുന്നു. എങ്കിലും ഉയർന്ന രക്തസമ്മർദ്ദം ഉള്ളതായി പരിശോധനയിലൂടെ തിരിച്ചറിയപ്പെട്ട ഒരാൾ പ്രഷർ പിന്നേയും കൂടാതിരിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ശീലമാക്കുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ നമുക്ക് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാനും ഉപയോഗിക്കാനും കഴിയുന്ന ഒരു ‘ചായ’യെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്:

തഴുതാമ ചായ

‘ചായ’ എന്നാണ് പറയുന്നതെങ്കിലും ഇതിൽ തേയില ചേർക്കുന്നില്ല. അതുകൊണ്ട് കഫീൻ ചേരുന്നുമില്ല. ഇത് കുടിക്കുന്നതിനായി പ്രത്യേകിച്ച് സമയമൊന്നുമില്ല. എങ്കിലും അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. വൈകുന്നേരത്തെ ചായ സമയത്ത് ചായക്ക് പകരം ഇത് പരീക്ഷിക്കാം.

എന്നാൽ ഒന്നോ രണ്ടോ ദിവസം കുടിച്ചതുകൊണ്ട് ഫലമുണ്ടാവണമെന്നില്ല. സ്ഥിരമായി കഴിക്കുന്നതിലൂടെയാണ് തഴുതാമ ചായ ഗുണം ചെയ്യുക. ഇതുണ്ടാക്കുന്നതിനായി നമുക്ക് വേണ്ടത് തഴുതാമ എന്ന ഔഷധസസ്യത്തിന്റെ കുറച്ച് ഇലകളും തണ്ടുമാണ്. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ വളരെ സാധാരണമായിരുന്ന ഒരു ചെടിയാണിത്.

നീർവാർച്ചയുള്ള മണ്ണിൽ വളരുന്നതിനാൽ ഇത് വേനൽക്കാലത്ത് ഉണങ്ങിപ്പോവുമെങ്കിലും മഴക്കാലത്ത് നന്നായി തളിർത്ത് വരും. ഇന്നത്തെ കാലത്ത് വീട്ടുപരിസരത്ത് നിന്നും ഇത് കിട്ടുന്നത് ബുദ്ധിമുട്ടാകയാൽ അങ്ങാടിക്കടയിൽ നിന്നും വാങ്ങുകയേ നിവ്യത്തിയുള്ളൂ.

കഴിയുന്നതും വാങ്ങിയ ഉടനേ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെടിയിൽ നിന്നും പറിച്ചെടുത്ത ഉടനേ ഉപയോഗിക്കുകയാണ് നല്ലത്. അഞ്ചോ ആറോ ഇലകൾ മാത്രം ശേഖരിക്കുക. തണ്ടിന്റെ അൽപ്പം ഭാഗവും കൂടി ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇത് നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം കുറച്ച് ചതച്ചുവെക്കുക.ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് തഴുതാമയിലകളും തണ്ടും ഇട്ടശേഷം ഇളംചൂടിൽ 10 മിനിട്ടു നേരം പതുക്കെ തിളപ്പിക്കുക. പരമാവധി സമയമെടുത്ത് പതുക്കെ തിളപ്പിക്കുന്നത് ഇലകളിലെ സത്ത് വെള്ളത്തിലേക്ക് ഇറങ്ങിവരുന്നതിന് സഹായിക്കും. ഇത് അരിച്ചെടുത്ത ശേഷം പഞ്ചസാര ചേർക്കാതെ ഉപയോഗിക്കാം. മധുരം ആവശ്യമെന്ന് തോന്നുന്ന പക്ഷം ചെറുതേൻ ഉപയോഗിക്കാം. അൽപ്പം നാരങ്ങാനീര് കൂടി ചേർക്കുന്നത് രുചി കൂടുതൽ ആസ്വാദ്യമാക്കാൻ സഹായിക്കും.

Similar News