കോളൻ കാൻസറിന്റെ 8 ലക്ഷണങ്ങൾ
വൻ കുടലിന്റെ ഭാഗമായ കോളനിൽ ആരംഭിക്കുന്ന കോശങ്ങളുടെ അനിന്ത്രിതമായ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്.
കോളൻ കാൻസർ ഏത് പ്രായക്കാരെയും ബാധിക്കാം. ദഹനനാളത്തിന്റെ അവസാന ഭാഗമാണ് വൻകുടൽ. കുടലിനുള്ളിൽ രൂപം കൊള്ളുന്ന പോളിപ്‌സ് (ചെറിയ മുഴകൾ) ക്രമേണ കാൻസറായി രൂപപ്പെടുന്നു. ഇവ നേരത്തെ കണ്ടെത്തി നീക്കം ചെയ്യുന്നതോടെ കാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും.
ചികിത്സിച്ചില്ലെങ്കിൽ മറ്റ് അവയവങ്ങളിലേക്കും ഇത് പടരാം.ആഗോളതലത്തിൽ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. കോളൻ കാൻസറിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.
അതിനെ കുറിച്ച് വിശദീകരിക്കുകയാണ് പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. ജോസഫ് സൽഹാബ്. എട്ട് ലക്ഷണങ്ങളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
സ്ഥിരമായ മലബന്ധം
സ്ഥിരമായ മലബന്ധം അല്ലെങ്കിൽ മലവിസർജ്ജന രീതികളിലെ തുടർച്ചയായ മാറ്റങ്ങൾ കോളൻ കാൻസറിൻ്റെ ആദ്യകാല സൂചനയാകാം. ഇവ അവഗണിക്കരുത്, തുടർച്ചയായുള്ള മലബന്ധം, അല്ലെങ്കിൽ മലത്തിൻ്റെ രൂപത്തിലുള്ള മാറ്റങ്ങൾ എന്നിവയും ശ്രദ്ധിക്കണം.
രക്തസ്രാവം
മലത്തിൽ രക്തം കാണുകയോ മലദ്വാരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളിൽ ഒന്നാണിത്.
വയറുവേദന
ഗ്യാസ്, വീക്കം, അല്ലെങ്കിൽ വേദന എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ വയറിലെ അസ്വസ്ഥതകൾ ശ്രദ്ധിക്കണം.
കുടലിന്റെ ആരോഗ്യം
മലവിസർജ്ജനത്തിന് ശേഷം കുടൽ പൂർണ്ണമായി കാലിയായില്ല എന്ന തോന്നലും ഒരു പ്രധാന ലക്ഷണമാകാം. ട്യൂമറുകൾ കുടലിനെ ഭാഗികമായി തടസ്സപ്പെടുത്തിയേക്കാം. ഇത് കാരണമായിരിക്കാം ഇത്തരം തോന്നൽ അനുഭവപ്പെടുന്നത്.
എപ്പോഴും ക്ഷീണം
കാരണമില്ലാത്ത ക്ഷീണം അല്ലെങ്കിൽ പെട്ടെന്നുള്ള ബലഹീനത കോളൻ കാൻസറിൻ്റെ ആദ്യകാല ലക്ഷണങ്ങളാകാം. ഇവ ഒരു കാരണവശാലും അവഗണിക്കരുത്. വ്യക്തമായ കാരണമില്ലാതെ നിരന്തരമായ ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ് ഒരു അപകടസൂചനയാണെന്ന് ഡോക്ടർ പറയുന്നു.
ശരീരഭാരം കുറയുന്നത്
ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങളില്ലാതെ ശരീരഭാരം കുറയുന്നത് ഒരു മുന്നറിയിപ്പ് ലക്ഷണമാകാം. കോളൻ കാൻസർ ശരീരഭാരം കുറയാൻ ഇടയാക്കിയേക്കുമെന്ന് ഡോക്ടർ പറയുന്നു.
വിളർച്ച
കോളൻ കാൻസർ മൂലമുണ്ടാകുന്ന രക്തസ്രാവം കാരണം ഇരുമ്പിൻ്റെ അളവ് കുറയുകയും അത് വിളർച്ചയ്ക്ക് കാരണമാക്കുകയും ചെയ്തേക്കും.
പുറംവേദന
സ്ഥിരമായ പുറം വേദന കോളൻ കാൻസറിൻ്റെ ഒരു മുന്നറിയിപ്പ് ലക്ഷണമാകാമെന്ന് ഡോക്ടർ പറയുന്നു. പലപ്പോഴും, ഇവ അവഗണിക്കപ്പെടാറുണ്ട്. രോഗം പടർന്നു കഴിഞ്ഞാലും പുറംവേദനയുണ്ടാകാം.