കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തു കൊലപ്പെടുത്തി

By :  Devina Das
Update: 2026-04-25 09:02 GMT

കണ്ണൂർ: അമ്മയെ മകൻ കഴുത്തറുത്തു കൊന്നു.പേരാവൂർ കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ സ്വദേശിനി ഗീതമ്മയാണ് (50) മരിച്ചത്. മകൻ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾ ലഹരിമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മഹിളാ മോർച്ച ജില്ലാകമ്മിറ്റിയംഗമാണ് ഗീതമ്മ.

ഇന്നലെ രാത്രി പത്തരയ്ക്കാണ് ഇത്തരത്തിൽ അതിദാരുണമായ സംഭവം നടന്നത് . അമ്മയും മകനും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നലെയും ഇരുവരും വഴക്ക് കൂടി. ഇതിൽ പ്രകോപിതനായ മകൻ കത്തിയെടുത്ത് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. കിടപ്പുമുറിയിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു.വീട്ടിൽ ഈസമയത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. വീട്ടിൽ സ്ഥിരം വഴക്ക് നടക്കുന്നത് അയൽവീട്ടുകാർക്ക് അറിയാം. അതുകൊണ്ട് സാധാരണ സംഭവിക്കാറുള്ള വഴക്ക് മാത്രമാണ് എന്നാണ് നാട്ടുകാർ വിചാരിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ക്രിസ്റ്റി തൊട്ടടുത്തുള്ള വീട്ടിലെ ഒരു യുവാവിനെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞു. ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാര്യം മകൻ യുവാവിനോട് പറഞ്ഞത്. തുടർന്ന് കേളകം പൊലീസ് സ്റ്റേഷനിൽ പോയി ക്രിസ്റ്റി കീഴടങ്ങുകയായിരുന്നു. എംഡിഎംഎയും കഞ്ചാവും ക്രിസ്റ്റി സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Similar News