ടിസിഎസ് വിവാദം ;നിദ ഖാൻ ടെലികോളർ ജീവനക്കാരി, ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

By :  Devina Das
Update: 2026-04-18 08:59 GMT

മുംബൈ : നാസിക്കിലെ ടിസിഎസ് ഓഫീസിൽ ലൈംഗികാതിക്രമവും നിർബന്ധിത മതപരിവർത്തനവും നടന്നുവെന്ന പരാതിയിലെ അന്വേഷണത്തിൽ വഴിത്തിരിവുകൾ. ടിസിഎസ് നാസിക് ബിപിഒ യൂണിറ്റിന്റെ എച്ച്ആർ മേധാവിയായി ആദ്യം അറിയപ്പെട്ടിരുന്ന മകളെ ഗൂഢാലോചനയുടെ ഭാഗമായി തെറ്റായി പ്രതിചേർക്കുകയാണെന്ന് ആരോപിച്ച് നിദ ഖാന്റെ പിതാവ് രംഗത്തെത്തി. ലൈംഗികാതിക്രമ കേസിൽ അടുത്തിടെ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരത് ഉൾപ്പെട്ട വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലുവർഷത്തിനിടയിൽ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാനുള്ള സമിതിയിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്ന് ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ കെ.കൃതിവാസനും പ്രതികരിച്ചു. പരാതിയിൽ പ്രതിചേർക്കപ്പെട്ട നിദ ഖാൻ എച്ച് ആർ മാനേജർ അല്ലെന്നും ടെലികോളർ ജീവനക്കാരിയാണെന്നും ടാറ്റ കൺസൾട്ടൻസി സർവീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ നാലുവർഷത്തിനിടെ ടിസിഎസ് നാസിക് ഓഫീസിൽ ഉയർന്നുവന്ന പരാതികൾ മൂടിവെക്കുകയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതായിരുന്നു നിദ ഖാനെതിരെ ഉയർന്ന ആരോപണം. എന്നാൽ നിദ എച്ച്ആർ മാനേജരല്ലെന്നും നേതൃത്വപരമായ ഉത്തരവാദിത്തങ്ങളോ റിക്രൂട്മെന്റ് ചുമതലകളോ അവർക്കുണ്ടായിരുന്നില്ലെന്നും ടിസിഎസ് വ്യക്തമാക്കി. 2021 ൽ ജോലിയിൽ പ്രവേശിച്ച നിദക്ക് എച്ച് ആർ വിഭാഗവുമായി യാതൊരു ബന്ധവുമില്ലെന്നും ഫോൺ വഴി മാർക്കറ്റിങ് നടത്തുന്ന ജൂനിയർ ടെലികോളർ ജീവനക്കാരിയാണ് അവരെന്നും കുടുംബം പ്രതികരിച്ചു.

Similar News