ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ 51 മുറിവുകൾ; കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ നേരിട്ടത് ക്രൂരപീഡനം

By :  Devina Das
Update: 2026-05-31 05:08 GMT

തിരുവനന്തപുരം: പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരന്റെ മരണകാരണം ക്രൂരപീഡനം . കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളുമാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. ഈ കടുത്ത ശാരീരിക മർദനങ്ങൾ മരണകാരണമായെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു . ഇവയ്ക്കു പുറമേ പരിക്കേറ്റ് ഉണങ്ങിയ അടയാളങ്ങളുമുണ്ട്. ഒന്നര വയസ്സുകാരൻ അർഷിദിനെ അമ്മയുടെ സുഹൃത്ത് അഷ്‌കർ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറയുന്നു.കുഞ്ഞിന്റെ ശരീരത്തിലും ജനനേന്ദ്രിയത്തിലും ഉൾപ്പെടെ മുറിവുകളുണ്ട്. അടിച്ചതിനെത്തുടർന്നാണ് ആഹാരം ഛർദിച്ചതെന്നും പൊലീസ് പറഞ്ഞു. കാൽപാദങ്ങളുടെ അടിഭാഗത്തും വിരലുകളുടെ അടിഭാഗത്തും മുറിവ് ഉണ്ടായിരുന്നു. ഇത് പൊള്ളിച്ചതാണെന്നു സംശയിക്കുന്നു. കുറച്ചുദിവസം മുൻപ് കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞിരുന്നു. ഇത് സൈക്കിൾ ചവിട്ടിയപ്പോൾ വീണതെന്നാണ് അഷ്‌കർ നാട്ടുകാരോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിനു സമീപം 'അർച്ചിത'ത്തിൽ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് മരിച്ചത്. സംഭവത്തിൽ അഖിലയെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്കറിനെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു .

വെള്ളിയാഴ്ച വൈകീട്ടാണ് അവശനിലയിലായ അർഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും അഷ്‌കർ എത്തിച്ചത്. എസ്എടിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്‌കർ പൊലീസിനു മൊഴി നൽകിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു. 2 വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് ജീവനൊടുക്കിയത്. തുടർന്ന് അഖില, ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങി. 8 മാസം മുൻപാണ് ഇവർ കരിക്കുഴിയിൽ എത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ് സുനിൽ കുമാർ ആരോപിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും നെടുമങ്ങാട് ഡിവൈഎസ്പി കെ ബൈജുകുമാർ പറഞ്ഞു.

Similar News