മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ;ജീവനക്കാരന്‍ അറസ്റ്റില്‍
ബംഗളൂരു: മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ബീദറിലെ ബ്രിംസ് ടീച്ചിങ് ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരൻ മുനീർ അഹമ്മദാണ് അറസ്റ്റിലായത്.ബ്രിംസിലെ ഡിപ്പാർട്ട്മെന്റ് മേധാവിയും പ്രൊഫസറുമായ ഡോ. മോസിനുൽ ഹഖ് 2026 മെയ് 25-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയായ മുനീർ വർഷങ്ങളായി ഈ ആശുപത്രിയിലെ മോർച്ചറിയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കിടയിൽ, നിയമപരമായ അനുമതിയോ ഔദ്യോഗികമായ ആവശ്യമോ കൂടാതെ മുനീർ അഹമ്മദ് മരിച്ച സ്ത്രീകളുടെ വസ്ത്രങ്ങൾ മാറ്റുകയും തന്റെ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.പ്രൊഫഷണൽ പെരുമാറ്റച്ചട്ടങ്ങളുടെയും മെഡിക്കൽ ധാർമ്മികതയുടെയും രഹസ്യസ്വഭാവത്തിന്റെയും ഗുരുതരമായ ലംഘനമാണ് ഈ സംഭവമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മരിച്ച സ്ത്രീകളുടെ അന്തസ്സിനെ ഇല്ലാതാക്കുന്നതും അവരുടെ കുടുംബങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണ് ഇയാളുടെ പ്രവൃത്തിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
പരാതിയെ തുടർന്ന് ബീദർ ന്യൂ ടൗൺ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 301, 62 എന്നിവ പ്രകാരം ക്രിമിനൽ കുറ്റത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.