നാലാഞ്ചിറ ഹസീന ബീവി കൊലക്കേസ് ;പ്രതിയായ ഭർത്താവ് സുരേഷ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

By :  Devina Das
Update: 2026-06-04 07:17 GMT

തിരുവനന്തപുരം: നാലാഞ്ചിറ ഹസീനാബീവി കൊലക്കേസിൽ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തി . മക്കളുടെ മുന്നിലിട്ടായിരുന്നു ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത് . കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഭർത്താവ് സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയിൽവെ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോൺ ടവർ ലൊക്കേഷൻ കരമന ഭാഗത്താണ് കാണിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ കിള്ളിപ്പാലത്തെ ഒരു കടയിൽ നൽകിയശേഷമാണ് സുരേഷ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. സുരേഷ് രക്ഷപ്പെട്ട കാർ ബാലരാമപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.

ബാലരാമപുരത്ത് നിന്നും ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, ചിദംബരത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹ പരിശോധനയിൽ ലഭിച്ച തിരിച്ചറിയൽ കാർഡിലെ വിവരങ്ങളിൽ നിന്നും സുരേഷിന്റെ കുടുംബവീട്ടിലേതാണെന്ന് കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെത്തുടർന്നാണ് മക്കളുടെ മുന്നിലിട്ട് അമ്മ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും 4 മക്കളാണുള്ളത്. പ്രണയ വിവാഹത്തിനുശേഷം ഹസീനയും സുരേഷും കുടുംബാംഗങ്ങളുമായി അടുപ്പം പുലർത്തിയിരുന്നില്ല. നാല് മക്കളും ഹസീനയുടെ മാതാവും ഉൾപ്പടെ ഏഴ് പേരാണ് നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഹസീനക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സുരേഷിൻറെ സംശയവും തുടർന്നുള്ള വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Similar News