വാഹനാപകടത്തില്‍ രക്ഷകനായെത്തിയ യുവാവിന്റെ പീഡനത്തെപ്പറ്റി യുവതി

By :  Devina Das
Update: 2026-04-13 10:22 GMT

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ തനിക്ക് രക്ഷകയെത്തിയ യുവാവിൽനിന്ന് ക്രൂരമായ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നുവെന്ന് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ രാത്രി 12.45 ന് കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു വണ്ടി ഡിവൈഡറിൽ ഇടിച്ചുകയറി അപകടമുണ്ടായത്. കൂട്ടുകാരിയുടെ ഭർത്താവാണ് വണ്ടി ഓടിച്ചിരുന്നത്. നേരിട്ട ദുരനുഭവത്തെപ്പറ്റി ഐടി ജീവനക്കാരിയായ യുവതി പറയുന്നത് ഇപ്രകാരമാണ്.

'കൈക്കും താടിയെല്ലിനും കാലിനും പരുക്കേറ്റു. അതുവഴി വന്ന പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്നവരാണു രക്ഷയ്‌ക്കെത്തിയത്. ഈ സമയത്ത് ബൈക്കിൽ എത്തിയ പ്രതി കൂടെച്ചേർന്നു. ശ്വാസംമുട്ടലുണ്ടായതിനാൽ ഓട്ടോ വരെ നടന്നുപോകാൻ വയ്യാതെ ഞാൻ ഇരിക്കാൻ പോയപ്പോൾ ഇയാൾ എന്നെ ഉയർത്താനെന്ന മട്ടിൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഉപദ്രവിച്ചു. ഇയാൾ മദ്യപിച്ചിരുന്നു. പേടിയും വേദനയും കൊണ്ടു ഞാൻ കരഞ്ഞു.

വാഹനത്തിൽ കയറ്റുന്നതുവരെ ഇയാൾ അതിക്രമം നടത്തി. കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. പ്രതി പിന്തുടർന്ന് അവിടെയെത്തി ഭീഷണിപ്പെടുത്തി. എക്‌സ്‌റേ എടുക്കാനെത്തിയപ്പോൾ വനിതാ ഡോക്ടർ ദേഹത്തെ പാടുകൾ ശ്രദ്ധിച്ചു. വിവരമറിഞ്ഞപ്പോൾ, പൊലീസിൽ പരാതിപ്പെടണമെന്നു ഡോക്ടർ പറഞ്ഞു. അങ്ങനെ പൊലീസെത്തി മൊഴിയെടുത്തു. പിന്നീട് പൊലീസിന്റെ ഭാഗത്തു നിന്ന് അനക്കമില്ല.

സംഭവം കഴിഞ്ഞിട്ടു 10 ദിവസമായി. ഇതുവരെ എന്റെ രഹസ്യമൊഴിയെടുത്തില്ല. മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല. എനിക്കു പണമോ സ്വാധീനമോ ഇല്ല. പിന്നിതേ വരെ ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല’. യുവതി വ്യക്തമാക്കി.വ്യാപാരി വ്യവസായി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെതിരെയാണ് യുവതി പരാതി നൽകിയത്. ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 10 ദിവസമായിട്ടും വൈദ്യപരിശോധന നടത്താനും രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ലെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡിജിപി ആലപ്പുഴ എസ്പിയോട് റിപ്പോർട്ട് തേടി. പ്രതി സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സ്റ്റേഷൻ ജാമ്യം അനുവദിക്കാൻ പൊലീസ് ഒത്തുകളിച്ചെന്നും ആക്ഷേപമുണ്ട്.

Similar News