നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകം ;അമ്മയെയും മകനെയും കൊലപ്പെടുത്തി?ഇളയമകൻ ഒളിവിൽ

By :  Devina Das
Update: 2026-04-27 10:32 GMT

നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതായി സംശയം. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ കുഴിച്ചു മൂടിയ നിലയിൽ രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു പുരുഷന്റേയും സ്ത്രീയുടേതുമാണ് മൃതദേഹങ്ങൾ.പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതൽ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങൾ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. മൃതദേഹം മേരിക്കുട്ടിയുടേയും റെജിയുടേതുമാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരും.

സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ വീട്ടിൽ നിന്നും കാണാനില്ല. ഇയാൾ ഇരുവരേയും കൊന്ന് കുഴിച്ചിട്ടശേഷം മുങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയെ കണ്ടെത്താനുള്ള അന്വേഷണം നെടുങ്കണ്ടം പൊലീസ് ഊർജ്ജിതമാക്കി.വീട്ടിൽ മേരിക്കുട്ടിയും മക്കളായ റെജിയും സജിയുമാണ് താമസിച്ചിരുന്നത്. ഇവർ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വഴക്കിനൊടുവിൽ അമ്മയേയും ജ്യേഷ്ഠനേയും സജി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മേരിക്കുട്ടിയെയും മകനെയും കാണാതായതിൽ മകളാണ് പൊലീസിൽ പരാതി നൽകിയത്. മേരിക്കുട്ടിയെയും റെജിയേയും കാണാതായതിൽ സജി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

Similar News