നെടുങ്കണ്ടം ഇരട്ടക്കൊലപാതകം ;പ്രതി സജി പിടിയിൽ

By :  Devina Das
Update: 2026-04-28 07:49 GMT

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ വീട്ടുവളപ്പിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ, പ്രതി സജി പിടിയിലായി . വീടിന് സമീപത്തെ മലയിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടാണ് സജി വീട്ടിൽ നിന്നും ഒളിവിൽ പോയത്. വീടിന് സമീപത്തു താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തി സംസാരിക്കുന്നതിനിടെ, നെടുങ്കണ്ടം പൊലീസും വീട്ടിലേക്കെത്തി.പൊലീസ് ജീപ്പ് കണ്ടതോടെ, സജി തന്ത്രത്തിൽ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്നലെ മുഴുവൻ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും സജിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡ്രോണും ഡോഗ് സ്‌ക്വാഡും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തു നിന്നും സജിയുടെ ബാഗ് കണ്ടെടുത്തിരുന്നു. ഇന്നു രാവിലെയും പല സംഘങ്ങളായി തിരിഞ്ഞ് വീടിന് സമീപത്തു പൊലീസ് പരിശോധന നടത്തിയിരുന്നു.

തോട്ടുവക്കടയിലെ സജിയുടെ വീടിന് പിന്നിലെ മലയിൽ നിന്നാണ് സജിയെ പിടികൂടുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സജിയെ കണ്ടെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തി ചെക്‌പോസ്റ്റിലും, തമിഴ്‌നാട് പൊലീസിനും സജിയുടെ ചിത്രങ്ങളും വിവരവും നെടുങ്കണ്ടം പൊലീസിന് കൈമാറിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇയാളാണോയെന്ന് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടേയും റെജിയുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Similar News