"ധനം ,വിദ്യാഭ്യാസനേട്ടം ,ഭാഗ്യാനുഭവങ്ങള്‍,;അറിയാം ജാതകത്തിലെ രണ്ട്, ഒമ്പത്, പതിനൊന്ന് ഭാവങ്ങളുടെ പ്രാധാന്യം

By :  Devina Das
Update: 2026-06-10 10:54 GMT

ഓരോ മനുഷ്യരുടെയും സാമ്പത്തിക പുരോഗതി, വിദ്യാഭ്യാസ നേട്ടം, ഭാഗ്യാനുഭവങ്ങൾ, വരുമാനവർധന എന്നിവ വിലയിരുത്തുന്നതിൽ ജാതകത്തിലെ രണ്ടാം ഭാവം, ഒമ്പതാം ഭാവം, പതിനൊന്നാം ഭാവം എന്നിവയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഈ മൂന്ന് ഭാവങ്ങളും പരസ്പരം ബന്ധപ്പെട്ടാൽ ജീവിതത്തിൽ ശ്രദ്ധേയമായ ഉയർച്ചകളും നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുമെന്ന് ജ്യോതിഷം സൂചിപ്പിക്കുന്നത്.

രണ്ടാം ഭാവം - വാക്ക്, വിദ്യ, ധനം

രണ്ടാം ഭാവം ധനസ്ഥാനമായാണ് അറിയപ്പെടുന്നത്. സമ്പാദ്യം, സമ്പത്ത്, കുടുംബ പശ്ചാത്തലം, വാ ക്കിന്റെ ശക്തി, വിദ്യാഭ്യാസം എന്നിവയെ ഈ ഭാവം പ്രതിനിധീകരിക്കുന്നു. ഒരാളുടെ സംസാരം, അറിവ്, പഠനശേഷി, ധനം കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ രണ്ടാം ഭാവത്തിലൂടെ മനസ്സിലാക്കാം.

രണ്ടാം ഭാവവും അതിന്റെ അധിപനും ശക്തമായാൽ വ്യക്തിക്ക് നല്ല വിദ്യാഭ്യാസം നേടാനും അറിവിലൂടെ ധനം സമ്പാദിക്കാനും കഴിയും. വാക്കിന്റെ മാധുര്യവും പ്രഭാഷണശേഷിയും എഴുത്തിലെ മികവും പലപ്പോഴും സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും. അതുകൊണ്ടു തന്നെ വിദ്യയും ധനവും തമ്മിലുള്ള ബന്ധം ഏറ്റവും വ്യക്തമായി പ്രകടമാകുന്ന ഭാവമാണ് രണ്ടാം ഭാവം.

ഒമ്പതാം ഭാവം- ഭാഗ്യവും പൂർവ്വജന്മ പുണ്യവും

ഒമ്പതാം ഭാവം ഭാഗ്യസ്ഥാനമാണ്. പൂർവ്വജന്മ പുണ്യം, ദൈവാനുഗ്രഹം, ഗുരുകടാക്ഷം, ധാർമികത, ഉന്നതവിദ്യാഭ്യാസം, തീർത്ഥയാത്രകൾ തുടങ്ങിയവയെ ഈ ഭാവം സൂചിപ്പിക്കുന്നു. ജീവിതത്തിൽ ചിലർക്ക് അനായാസമായി ലഭിക്കുന്ന അവസരങ്ങൾ, ശരിയായ സമയത്ത് ലഭിക്കുന്ന സഹായങ്ങൾ, പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ എന്നിവ പലപ്പോഴും ഒമ്പതാം ഭാവത്തിന്റെ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൂർവ്വജന്മ പുണ്യഫലങ്ങൾ ഈ ജന്മത്തിൽ അനുഭവിക്കാനുള്ള സാധ്യതകളും ഈ ഭാവത്തിലൂടെയാണ് വിലയിരുത്തുന്നത്. ധനം സമ്പാദിക്കാനുള്ള കഴിവിനൊപ്പം അത് അനുഭവിക്കാനുള്ള ഭാഗ്യവും ആവശ്യമാണ്. ആ ഭാഗ്യത്തിന്റെ അടിത്തറയാണ് ഒമ്പതാം ഭാവം.

പതിനൊന്നാം ഭാവം- വരുമാനവും സർവ്വാഭിഷ്ട സ്ഥാനവും

പതിനൊന്നാം ഭാവം ലാഭസ്ഥാനമായും സർവ്വാഭിഷ്ട സ്ഥാനമായും അറിയപ്പെടുന്നു. വരുമാനം, സാമ്പത്തിക നേട്ടം, ആഗ്രഹസാഫല്യം, ലക്ഷ്യപ്രാപ്തി, സാമൂഹിക പിന്തുണ, സുഹൃത്തുക്കൾ വഴി ലഭിക്കുന്ന നേട്ടങ്ങൾ എന്നിവയെ ഈ ഭാവം പ്രതിനിധീകരിക്കുന്നു.

ജീവിതത്തിൽ ഒരാൾ നേടുന്ന യഥാർത്ഥ വരുമാനവും ലാഭവും പതിനൊന്നാം ഭാവത്തിലൂടെയാണ് വിലയിരുത്തുന്നത്. തൊഴിൽ, ബിസിനസ്, നിക്ഷേപം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള നേട്ടങ്ങൾ ഈ ഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിലെ ആഗ്രഹങ്ങൾ സഫലമാകാ നുള്ള സാധ്യതകളും പതിനൊന്നാം ഭാവത്തിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു.

മൂന്ന് ഭാവങ്ങളുടെയും പരസ്പരബന്ധത്തിൽ രണ്ടാം ഭാവം ധനത്തിന്റെയും വിദ്യയുടെയും അടിസ്ഥാനമാണ്. ഒമ്പതാം ഭാവം ആ ധനത്തെ വളർത്താനുള്ള ഭാഗ്യവും പുണ്യവും നൽകുന്നു. പതിനൊന്നാം ഭാവം അതിന്റെ ഫലമായി ലഭിക്കുന്ന വരുമാനത്തെയും ലാഭത്തെയും സൂചിപ്പിക്കുന്നു.

ഈ മൂന്ന് ഭാവങ്ങളും അവയുടെ അധിപന്മാരും പരസ്പരം ബന്ധപ്പെട്ടാൽ അറിവിലൂടെ ധനം സ മ്പാദിക്കാനും ഭാഗ്യത്തിന്റെ പിന്തുണയോടെ വരുമാനം വർധിപ്പിക്കാനും കഴിയും. വിദ്യാഭ്യാസം സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുകയും പൂർവ്വ ജന്മ പുണ്യം അതിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ ധനം, ഭാഗ്യം, വരുമാനം എന്നി മൂന്ന് ഘടകങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയാണ് ഈ ഭാവങ്ങളുടെ ശക്തമായ ബന്ധം സൂചിപ്പിക്കുന്നത്.

ജാതകത്തിൽ രണ്ടാം, ഒമ്പതാം, പതിനൊന്നാം ഭാവങ്ങൾ ശക്തമായാൽ വ്യക്തിക്ക് അറിവും ഭാഗ്യവും വരുമാനവും ഒരേപോലെ ലഭിച്ച് ജീവിതത്തിൽ സാമ്പത്തിക സുരക്ഷയും സാമൂഹിക അംഗീകാരവും കൈവരിക്കാൻ സാധിക്കുമെന്ന് ജ്യോതിഷശാസ്ത്രം വിലയിരുത്തുന്നു.

Similar News