വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം;ഐതിഹ്യം

By :  Devina Das
Update: 2026-03-12 10:05 GMT

വള്ളിയൂർക്കാവിലെ ഉത്സവം വയനാട്ടിലെ ഉത്സവങ്ങളിൽ വെച്ച് ഏറ്റവും ഗംഭീരവും പൊലിമയേറിയതാണ്. വയനാടിന്റെ ദേശീയോത്സവം എന്നാണ് ഇതറിയപ്പെടുന്നത്. ഭഗവതിയുടെ ഒപ്പന ദർശനം ഇതിന്റെ പ്രധാന ചടങ്ങാണ്.

വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർവഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പൻ കൊണ്ടുവരുന്ന നീളമുള്ള മുളംതണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം. കൊടിയേറ്റത്തിനുമുണ്ട് പ്രത്യേകത. ഉത്സവം തുടങ്ങി ഏഴാംദിവസമേ കൊടികയറുകയുള്ളൂ. അതുപോലെ ഉത്സവം കഴിഞ്ഞ് ഏഴാം ദിവസമേ കൊടി ഇറക്കുകയുള്ളൂ.

ഭദ്രകാളി ദാരികനുമേൽ നേടിയ വിജയമാണ് ഈ ഉത്സവത്തിന്റെ അടിസ്ഥാനം. മീനം ഒന്നിനു തലേദിവസം മാനന്തവാടിക്കടുത്തുള്ള പാണ്ടിക്കടവ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പരാശക്തിയുടെ തിരുവായുധമായ വാൾ ഒരാനപ്പുറത്ത് എഴുന്നള്ളിച്ചുകൊണ്ടുവരുന്നു. ഇത് താഴേക്കാവിൽ വെക്കുന്നതോടെ ഉത്സവത്തിനു നാന്ദി കുറിക്കുകയായി. പിറ്റേദിവസം മുതൽ കാലത്ത് വിശേഷാൽ ചടങ്ങുകളും പൂജകളും ഉണ്ടാകും. പതിമൂന്ന് ദിവസവും മേലേകാവിൽ ക്ഷേത്രത്തിനകത്ത് തായമ്പക ഉണ്ടാകും. പതിനാലാം ദിവസം തായമ്പക ഉണ്ടാവില്ല.ഉച്ചപൂജ സമയത്ത് മേലേക്കാവിലെ പാട്ടുപുരയിൽ തോറ്റവും ഉണ്ടാകും. കാളി-ദാരിക യുദ്ധം തന്നെയാണ് തോറ്റം പാടുന്നത്. ക്ഷേത്രാവകാശിയായ കുറുപ്പിനാണ് ഇതിനവകാശം. മീനം ഏഴിന് വൈകുന്നേരമാണ് കൊടിയേറ്റം നടക്കുക. ഇതോടെ ഉത്സവം തിരക്കിലമരുന്നു. കച്ചവടക്കാരും വഴിവാണിഭക്കാരും താഴെക്കാവിലെ പാടത്ത് സ്ഥാനം പിടിക്കുന്നു. ധാരാളം ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു.

മീനം പത്താം ദിവസം ക്ഷേത്രത്തിലെ മേൽശാന്തി ഒപ്പനക്കോപ്പ് എടുക്കാനായി ചേരംകോട് ഇല്ലത്തേക്ക് യാത്രയാകുന്നു. ഒപ്പന എന്നാൽ ഇവിടെ ഭഗവതിയുടെ രൂപമാണ്. നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തോടെ മേൽശാന്തി ചേരാങ്കോട്ട് ഇല്ലത്ത് എത്തുന്നു. പിറ്റേദിവസം വൈകുന്നേരം വരെ അവിടെ ധ്യാനനിമഗ്‌നനായിരിക്കുന്ന മേൽശാന്തിയോട് അവിടത്തെ സ്ത്രീ (അന്തർജനം) ഒപ്പന കൊണ്ടുപൊയ്‌ക്കോളൂ എന്ന് പറയുന്നതോടെ പൂജാരി ഒപ്പനയെടുത്ത് ഭാണ്ഡത്തിലാക്കി വള്ളിയൂർക്കാവ് ലക്ഷ്യമാക്കി വരുന്നു. മേലാസകലം വെള്ളമുണ്ട് പുതച്ച് ഏകാകിയായാണ് ഒപ്പനക്ക് പോകുന്നതും വരുന്നതും. ഒപ്പന വൈകുന്നേരം ദീപാരാധനയ്ക്കു മുമ്പായി മേലേക്കാവിലെത്തുന്നു. തുടർന്ന് താഴേക്കാവിലെ പാട്ടുപുരയ്ക്കുള്ളിൽ ഒപ്പനയറയിൽ വെക്കുന്നു. തുടർന്നുള്ള നാലുദിവസവും അർദ്ധധരാത്രി കളംപാട്ടിനുശേഷം ഒപ്പന കെട്ടി കാണിക്കും.

സർവ്വ ദുരിതശാന്തിക്കും രോഗശാന്തിക്കും ഭഗവതിയുടെ ഒപ്പന ദർശിച്ചു പ്രാർഥിക്കുന്നത് ഉത്തമമെന്ന് വിശ്വസിക്കുന്നു. തുടർന്ന് ധാരാളം വിശ്വാസികൾ ദർശനത്തിനായി എത്തിച്ചേരുന്നു. ഒപ്പന വരുന്നതുമുതൽ ഉത്സവം അതിന്റെ പാരമ്യത്തിലേക്കു കടക്കുന്നു. തുടർന്നുള്ള നാലുദിവസവും മേലേക്കാവിൽ നിന്ന് താഴേക്കാവിലേക്ക് വള്ളിയൂരമ്മ എഴുന്നള്ളുന്നു. തുടർന്ന് താഴേക്കാവിലെ പാട്ടുപുരയിൽ കളംപാട്ടിനുശേഷം മേലേകാവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു.മീനം പതിനാലാം ദിവസമാണ് ഏറ്റവും പ്രധാനദിവസം. അന്ന് വയനാടൻ ജനതയുടെ വഴികളെല്ലാം വള്ളിയൂർക്കാവിലേക്കാണ്. ആദിവാസി സമൂഹങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഉത്സവമാണിത്. അവരും കുടുംബസമേതം ഉത്സവം കാണാൻ എത്തുന്നു. ഉച്ചകഴിയുന്നതോടെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഗജവീരൻമാരുടെയും ഇളനീർക്കാവുകളുടെയും അകമ്പടിയോടെ അടിയറ വറവുകൾ വള്ളിയൂർക്കാവിലേക്ക് പുറപ്പെടുന്നു. അത്താഴപൂജക്കു മുൻപായി എല്ലാ അടിയറകളും വന്നു പോകുന്നു. ഇളനീർക്കാവുകൾ വള്ളിയൂരമ്മയ്ക്ക് അഭിഷേകം കഴിപ്പിക്കുന്നു.

അത്താഴപൂജ കഴിഞ്ഞാൽ വള്ളിയൂരമ്മ പാണ്ടിമേളത്തോടെ മൂന്നാനപ്പുറത്ത് താഴേക്കാവിലേക്ക് എഴുന്നള്ളുന്നു. അന്നേദിവസം കളംപാട്ട് ഉണ്ടാകുന്നതല്ല. അവിടെ ഭഗവതിയെ ഇറക്കിയശേഷം പാട്ടുപുരയിൽ ചെറിയൊരു പാട്ട് നടക്കുന്നു. ശേഷം ഭഗവതി ഒന്നര കിലോമീറ്റർ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ആറാട്ടുതറയിലേക്ക് എഴുന്നള്ളുന്നു. ഇവിടെ കോമര നൃത്തവും ഇറക്കിപ്പൂജയും ഉണ്ട്. ശേഷം കബനീനദിയിൽ വള്ളിയൂരമ്മ ആറാട്ടിനുശേഷം മേലേക്കാവിലെത്തുന്നു. ഇവിടെ ദേശക്കാരുടെ അരിചാർത്തലിനു ശേഷം താഴെക്കാവിലേക്ക് വീണ്ടും എഴുന്നള്ളിക്കുന്നു. ശേഷം ഇവിടെയും കോമരനൃത്തമുണ്ട്. ശേഷം ഒപ്പനദർശനം. അതു കഴിയുന്നതോടെ രുധിരക്കോലം എന്ന ചടങ്ങാണ്. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇത്. പാണിയുടെ അകമ്പടിയോടെയാണ് ഇരുവരുടെയും യുദ്ധം. അവസാനം കാളി ദാരികന്റെ കിരീടമെടുക്കുന്നതോടെ ഈ ചടങ്ങ് കഴിയുന്നു. ഇതോടെ ഭഗവതിയെ മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. ശേഷം പള്ളിയറ ക്ഷേത്രത്തിൽ നിന്നെഴുന്നള്ളിച്ച വാളും ഒപ്പനക്കോപ്പും തിരിച്ചെഴുന്നള്ളിക്കുന്നു. അതോടെ പതിനാലുദിവസത്തെ വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർ ഒരുത്സവത്തിനു സമാപനമാകുന്നു.

Similar News