അത്യുത്തമം ഷഷ്ഠി വ്രതം
ജീവിത സൗഭാഗ്യം, കുലാഭിവൃദ്ധി, സന്താനസൗഖ്യം, അഭിവൃദ്ധി, എന്നിവയ്ക്കും ഒടിവ്, മുറിവ്, ചതവ്, തർക്കം ശത്രുത തുടങ്ങിയവ മാറാനും അലസത, മന്ദത മാറി ഉത്സാഹം വരാനും അനിഷ്ടങ്ങൾ മാറ്റുന്നതിനും ഈശ്വരാധീനം വർദ്ധിപ്പിക്കാനും ചൊവ്വാദോഷങ്ങളെല്ലാം ശമിക്കുന്നതിനും ശ്രീ മുരുകഭജനം ശ്രേഷ്ഠമാണ്.
മാസന്തോറും വെളുത്തപക്ഷത്തിലെ ഷഷ്ഠി വ്രതം ആചരണമാണ് മുരുകനുമായി ബന്ധപ്പെട്ട പരക്കെയുള്ള പ്രധാന ഉപാസന. സുബ്രഹ്മണ്യ ഭഗവാൻ്റെ ഏറ്റവും
വലിയ ഉത്സവമായ തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി കഴിഞ്ഞ് വരുന്ന വൃശ്ചികത്തിലെ കുമാരഷഷ്ഠിയിൽ തുടങ്ങി അടുത്ത തുലാം മാസം വരെ 12 ഷഷ്ഠിവ്രതം എടുക്കുന്നവരും ഇത് തുടർച്ചയായി 9 വർഷം വരെ 108 ഷഷ്ഠി വരെ തുടരുന്നവരുമുണ്ട്.
പാർവ്വതിക്ക് മകനെ തിരിച്ചു നൽകിയ വ്രതം
ഷഷ്ഠിവ്രതവുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങളുണ്ട്. മംഗലാപുരത്തു നിന്ന് 105 കിലോമീറ്റർ അകലെ സുബ്രഹ്‌മണ്യം എന്നൊരു സ്ഥലമുണ്ട്. അവിടെ കുക്കേ സുബ്രഹ്‌മണ്യം എന്നൊരു സുബ്രഹ്‌മണ്യ ക്ഷേത്രമുണ്ട്. ഇവിടെ വച്ചാണ് മറഞ്ഞു പോയ മകനെ സർപ്പരൂപത്തിൽ പാർവതി ദേവിക്ക് തിരിച്ചു കിട്ടിയത്. അതിനിടയായ കഥ ഇങ്ങനെ: ബാലമുരുകൻ ബ്രഹ്‌മദേവനെ ഒരു തർക്കത്തിൽ തോൽപ്പിച്ചു, പരിഹസിച്ചു. ഇതറിഞ്ഞ ശിവൻ ബാലമുരുകനെ ശകാരിച്ചു. മനംനൊന്ത ബാലമുരുകൻ അപ്രത്യക്ഷനായി. ശിവപാർവ്വതിമാർ മുരുകനെ എല്ലായിടത്തും തിരക്കി. കണ്ടുകിട്ടിയില്ല. നിരാശയുടെ പടുകുഴിയിലായ പാർവ്വതി ബാലമുരുകനെ തിരിച്ചു ലഭിച്ചാൽ താൻ ഷഷ്ഠിവ്രതമെടുക്കാമെന്ന് പ്രതിജ്ഞ എടുത്തു. ഉടനെ മുരുകൻ നാഗരൂപത്തിൽ പാർവ്വതിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അതു മുതലാണ് ഷഷ്ഠിവ്രതം ആരംഭിച്ചതത്രേ.മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്: മൂല പ്രകൃതിയുടെ ആറിലൊന്നിൽ നിന്നും ഉണ്ടായ ദേവിയാണ് ഷഷ്ഠിദേവി. ഈ ദേവി കുട്ടികളുടെ ദേവിയാണ്. പണ്ട് പ്രിയവ്രതനെന്ന മഹാഭക്തന് ദീർഘകാലത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഒരു കുഞ്ഞ് ജനിച്ചു. എന്നാൽ ഈ കുഞ്ഞു ജനിച്ചയുടൻ മരിച്ചു. ഈ കുഞ്ഞിന്റെ ജഢവുമായി താനും മരിക്കുകയാണെന്ന തീരുമാനത്തോടെ പ്രിയവ്രതൻ ഒരു ചുടുകാട്ടിലെത്തി. പ്രിയവ്രതൻ മരിക്കാൻ തയ്യാറായി. ഉടനെ ചുടുകാട്ടിന്റെ മുകളിൽ ഒരു ദേവി പ്രത്യക്ഷയായി. ദേവി അയാളോട് പറഞ്ഞു. ഞാൻ ഷഷ്ഠിദേവിയാണ്. സന്താനമില്ലാത്തവർക്ക് സന്താനത്തെയും ഭർത്താവ് ഇല്ലാത്തവർക്ക് ഭർത്താവിനെയും ഇത് രണ്ടും ഉള്ളവർക്ക് അവരിലൂടെ ഐശ്വര്യവും നൽകുന്ന ദേവിയാണ്. സുബ്രഹ്‌മണ്യന്റെ ഭാര്യയുമാണ്. തുടർന്ന് ദേവി മരിച്ച കുഞ്ഞിന് വീണ്ടും ജീവൻ നൽകി. ഇതു മുതലാണ് ഷഷ്ഠി വ്രതാരംഭമെന്നാണ് മറ്റൊരുകഥ. എന്തായാലും ഷഷ്ഠിവ്രതം മുരുകോപാസനയിൽ മുഖ്യമാണ്.