ശബരിമല ഉത്സവം ; ഇന്ന് പള്ളിവേട്ട; ആറാട്ട് നാളെ
പത്തനംതിട്ട: ശബരിമലയിലെ ഉത്സവത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് പള്ളിവേട്ട നടക്കും. രാത്രി 8.30നു അത്താഴപൂജയ്ക്കു ശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കിയ ശേഷമാണ് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നത്.
വാദ്യമേളങ്ങളും തീവെട്ടികളും ഇല്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നത്. വെളിനെല്ലൂർ മണികണ്ഠൻ എന്ന ആനയാണ് തിടമ്പേറ്റുന്നത്.
പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി 10നു സന്നിധാനത്ത് എത്തിയ ശേഷം ഹരിവരാസനം. ഈ ദിവസം തിടപ്പള്ളിയോടു ചേർന്നുള്ള മണ്ഡപത്തിലാണ് ഭഗവാന്റെ പള്ളിയുറക്കം.ബുധനാഴ്ചയാണ് ആറാട്ട്. രാവിലെ ഒൻപതിനു സന്നിധാനത്തു നിന്നു പമ്പയിലേക്ക് ആറാട്ടിനായി ആനപ്പുറത്ത് എഴുന്നള്ളിപ്പ് പുറപ്പെടും. 10.30നും 11.30നും ഇടയിലാണ് പമ്പാനദിയിൽ പ്രത്യേകം തയ്യാറാക്കിയ കടവിൽ ആറാട്ട്.
ആറാട്ടിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിൽ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഭക്തർക്ക് പറയിടാനുള്ള സൗകര്യമുണ്ടാകും. 3.30ഓടെ നീലിമലപ്പാത വഴി സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങും.
വൈകീട്ട് ഏഴ് മണിയോടെ സന്നിധാനത്തെത്തും. തുടർന്നു കൊടിയിറക്കും. 10നു നട അടയ്ക്കും. ആറാട്ട് ദിനമായ ബുധനാഴ്ച രാവിലെ 8 മണിക്കു ശേഷം പടി ചവിട്ടാൻ അനുവദിക്കില്ല. രാത്രി ഏഴിനു ശേഷമായിരിക്കും ദർശനം.