നെന്മാറ - വല്ലങ്ങി വേല നാളെ

By :  Devina Das
Update: 2026-04-02 08:56 GMT

പാലക്കാട്: പൂര, വെടിക്കെട്ട് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നെന്മാറ - വല്ലങ്ങി വേല നാളെ. നെന്മാറ, വല്ലങ്ങി, വിത്തനശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങളുടെ വേലയാണ് നെല്ലിക്കുളങ്ങര ക്ഷേത്രോത്സവം എന്ന് അറിയപ്പെടുന്ന നെന്മാറ- വല്ലങ്ങി വേല. മലയാളമാസം മീനത്തിലെ ഇരുപതാം തീയതിയാണ് നെന്മാറ - വല്ലങ്ങി വേല വരുന്നത്.

പാലക്കാട് ജില്ലയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് നെന്മാറ - വല്ലങ്ങി വേല ആഘോഷിക്കുന്നത്. നെല്ലിയാമ്പതി വനത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ചിറ്റൂർ താലൂക്കിലെ നെന്മാറ, വല്ലങ്ങി എന്നീ മനോഹരമായ ഗ്രാമങ്ങളിലായാണ് നെന്മാറ - വല്ലങ്ങി വേല നടക്കുന്നത്. അലങ്കാരപ്പന്തലുകളുടെ വർണ്ണവൈവിദ്ധ്യങ്ങൾ, വെടിക്കെട്ട്, ഉത്സവത്തിലരങ്ങേറുന്ന കലാരൂപങ്ങൾ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് നെന്മാറ- വല്ലങ്ങി വേല.ചിറ്റൂർ താലൂക്കിലെ പാടങ്ങളാണ് ഈ ഉത്സവത്തിന്റെ വേദി. നെന്മാറ ഗ്രാമക്കാരും വല്ലങ്ങി ഗ്രാമക്കാരും നടത്തുന്ന മത്സര ഒരുക്കങ്ങളാണ് വേലയുടെ ആകർഷണം. നെറ്റിപ്പട്ടം കെട്ടി, ആലവട്ട വെഞ്ചാമരങ്ങളും സ്വർണ്ണക്കുടകളും ചൂടിയ ആന എഴുന്നള്ളത്തിൽ തുടങ്ങി, ഇരുകരക്കാരുടെയും എഴുന്നള്ളത്ത് അഭിമുഖം വന്നു നിൽക്കുന്ന പാടത്തെ പന്തലുകളിൽ വരെ ഉണ്ട് ഈ മത്സരം.

നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം. നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇവർ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നീ നാടൻകലകളും ഈ സമയങ്ങളിൽ അരങ്ങേറും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് രണ്ടു കരക്കാരുടെയും ആനകളോടെ ഉള്ള എഴുന്നള്ളിപ്പ് പന്തലിലെത്തി നിരന്ന ശേഷം നടക്കുന്ന പഞ്ചവാദ്യമാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. സന്ധ്യയോടെ വലിയ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും ഉണ്ടാവും.

പാടങ്ങളിലെ കൊയ്ത്തിനു ശേഷമാണ് ഉത്സവം. മീന മാസത്തിലെ ഒന്നാം തീയതി കൊടിയേറ്റോടു കൂടിയാണ് ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇരുപതു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കു മീനമാസം 20ന് നെന്മാറ - വല്ലങ്ങി വേലയോടു കൂടി പരിസമാപ്തിയാകും.

കേരളത്തിലെ ഏറ്റവും മികച്ച താളവാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയവയ്ക്കും നെന്മാറ - വല്ലങ്ങി വേല പ്രസിദ്ധമാണ്. ഉത്സവ പന്തലിന് കീഴിൽ രണ്ടു ഗ്രാമങ്ങളും പരസ്പരം അഭിമുഖമായി നിന്നാണ് താളവാദ്യമത്സരം. കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ഒപ്പം തന്നെ എതിരാളിയേക്കാൾ ഒരു പടി മുന്നിൽ നിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ പോരാട്ടവീര്യമാണ് നെന്മാറ - വല്ലങ്ങി വേലയെ കൂടുതൽ ആകർഷകമാക്കുന്നത്.

നെന്മാറ - വല്ലങ്ങി വേലയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം എന്നു പറയുന്നത് വെടിക്കെട്ട് ആണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ആയാണ് ഇത് അറിയപ്പെടുന്നത്. രാത്രിയെ പ്രകാശം കൊണ്ടും ശബ്ദം കൊണ്ടും നിറയ്ക്കുന്നതാണ് ഈ വെടിക്കെട്ട്. ഏഷ്യയിലെ തന്നെ ഏറ്റവും ശബ്ദം കൂടിയ വെടിക്കെട്ട് ആയും ഈ വെടിക്കെട്ട് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉത്സവ സമയത്ത് ആനകളെ പാർപ്പിക്കാനായി നിർമിച്ചിരിക്കുന്ന ആന പന്തലുകളും ഇതിന്റെ പ്രധാന ആകർഷണമാണ്.വ്യാഴാഴ്ച വൈകീട്ട് സാമ്പിൾ വെടിക്കെട്ട് നടത്തും. രാത്രി ഏഴിന് വല്ലങ്ങി ശിവക്ഷേത്രത്തിനുസമീപം വല്ലങ്ങി ദേശത്തിന്റെയും രാത്രി എട്ടിന് നെന്മാറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്ത് നെന്മാറ ദേശത്തിന്റെയും സാമ്പിൾ വെടിക്കെട്ട് നടക്കും. ഇരുദേശത്തിന്റെയും ആനപ്പന്തലുകൾ ബുധനാഴ്ച വൈകിട്ടോടെ ദീപാലംകൃതമായി.

നെന്മാറ ദേശത്തിന്റെ ചമയം വ്യാഴം രാവിലെ 10 മുതൽ മന്ദത്തും വല്ലങ്ങി ദേശത്തിന്റെ ചമയം രാവിലെ 10 മുതൽ വല്ലങ്ങി ശിവക്ഷേത്ര ട്രസ്റ്റ് ഹാളിലും പ്രദർശിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് വെടിക്കെട്ടും ശനി പുലർച്ചെ രാത്രി വെടിക്കെട്ടും നടക്കും. പുതുപ്പള്ളി കേശവനും പാമ്പാടി രാജനും തിടമ്പേറ്റും. നെന്മാറ-വല്ലങ്ങി വേലയ്ക്ക് ഇരുദേശത്തിന്റെയും എഴുന്നള്ളത്തിന് അണിനിരക്കുക തലയെടുപ്പുള്ള കൊമ്പന്മാരാണ്. നെന്മാറ ദേശത്തിന്റെ കോലം കയറ്റുന്നത് പുതുപ്പള്ളി കേശവനാണ്. ഉഷശ്രീ ശങ്കരൻകുട്ടി, പുതുപ്പള്ളി സാധു, അക്കിക്കാവ് കാർത്തികേയൻ, വൈലശേരി അർജുനൻ, മംഗലാംകുന്ന് മുകുന്ദൻ, അരുണിമ പാർത്ഥസാരഥി, വാഴ്വാടി കാശിനാഥൻ, മംഗലാംകുന്ന് മുകുന്ദൻ, വടകുറുംബക്കാവ് ദുർഗാദാസൻ എന്നീ ആനകൾ ഒപ്പം എഴുന്നള്ളത്തിന് അണിനിരക്കും.കൊമ്പൻ പാമ്പാടി രാജൻ വല്ലങ്ങി ദേശത്തിന്റെ തിടമ്പേറ്റും. പാമ്പാടി സുന്ദരൻ, മച്ചാട്ട് ജയറാം, ഗുരുവായൂർ സിദ്ധാർത്ഥൻ, എസ് കെ മണികണ്ഠൻ, മച്ചാട് ശ്രീ അയ്യപ്പൻ, എസ് കെ ശ്രീ അയ്യപ്പൻ, മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ, മരുതൂർക്കുളങ്ങര മഹാദേവൻ, ബ്രാഹ്മണി വീട് ഗോവിന്ദൻകുട്ടി എന്നീ ആനകൾ വല്ലങ്ങിയുടെ എഴുന്നള്ളത്തിന് അണിനിരക്കും.

Similar News