മഹാമഘ മഹോത്സവം: ഭഗവതീ പ്രസാദത്തിനായി യക്ഷീപൂജ
തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി വസന്തപഞ്ചമി ദിവസമായ ഇന്നലെ യക്ഷിപൂജ നടന്നു. ശത്രുദോഷം നീക്കാനുള്ള യക്ഷീപൂജ രാത്രിയാണ് നടന്നത്. ആദിപരാശക്തിയുടെ ഓരോ രൂപത്തെയും അനുഗമിക്കുന്ന കാവൽദേവതയാണ് യക്ഷി. യക്ഷീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭഗവതിയുടെ അനുഗ്രഹവും വന്നു ചേരുമെന്നാണ് വിശ്വാസം.
ശത്രുദോഷങ്ങൾ, ഗ്രഹദോഷങ്ങൾ, ദുർമന്ത്രവാദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, ഭവനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം യക്ഷിപൂജയിൽ പങ്കെടുത്താൽ ഇല്ലാതാകും. ഈ പൂജ ബാലകൃഷ്ണ പൈയുടെ കാർമികത്വത്തിലാണ് നടക്കുന്നത്.
ഇന്നലെ പുഴയുടെ രക്ഷക്കായി ചതുരാംബിക പൂജയും നടന്നു. പഞ്ചമി തിഥിയും പൂരൂരുട്ടാതി നക്ഷത്രവും ഒരുമിക്കുന്ന ദിവസമായിരുന്നു. പുലർച്ചെ മുതൽ നിളയിൽ ചതുരാംബിക പൂജ ആരംഭിച്ചു. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പരശുരാമൻ പ്രതിഷ്ഠിച്ച ദിക്പാലക ദേവതകളാണ് ചതുരാംബികമാർ.
ബാലാംബിക, ലോകാംബിക, ഹേമാംബിക, മുകാംബിക എന്നിവരാണ് ചതുരാംബികമാർ എന്നറിയപ്പെടുന്നത്. ഈ ദേവതകളുടെ അനുഗ്രഹം തേടിയാണ് ചതുരാംബിക പൂജ നടത്തുന്നത്. ബാലകൃഷ്ണ പൈ ആയിരുന്നു ഈ പൂജയുടെയും ആചാര്യൻ.