ഗുരുവായൂരപ്പന്‍ ശ്രീലകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനിറങ്ങി ;ദർശന പുണ്യം നേടി ഭക്തർ
By : Devina Das
Update: 2026-03-09 06:17 GMT
തൃശൂർ: ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ പള്ളിവേട്ട ദിനത്തിൽ ഗുരുവായൂരപ്പൻ ശ്രീലകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളി. സ്വർണക്കോലത്തിൽ എഴുന്നള്ളിയ ഭഗവാനെ കണ്ട് ഭക്തസഹസ്രങ്ങൾ സായൂജ്യനിറവിലായി.വൈകീട്ട് ശ്രീഭൂതബലിയെ തുടർന്ന് കൊടിമരത്തിനുസമീപം ഭഗവാനെ എഴുന്നള്ളിച്ചു പഴുക്കാമണ്ഡപത്തിലായിരുന്നു ദീപാരാധന.
ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരിയാണു ചടങ്ങ് നിർവഹിച്ചത്. പുറത്തേക്കെഴുന്നള്ളത്തിനു പെരുവനം കുട്ടൻമാരാരുടെ മേളം അകമ്പടിയായി. കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റി.നിറപറ ഒരുക്കിയാണ് ഭക്തർ വരവേറ്റത്. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂർത്തിയാക്കിയശേഷം പള്ളിവേട്ട നടക്കും. നാളെ ആറാട്ടോടെയാണ് പത്തു ദിവസം നീണ്ട ഗുരുവായൂർ ഉത്സവത്തിന് പരിസമാപ്തിയാകുക