ഭക്തിനിർഭരം ആറ്റുകാൽ പൊങ്കാല ;ഐതിഹ്യം

By :  Devina Das
Update: 2026-03-03 12:15 GMT

സ്ത്രീകളുടെ ശബരിമല' എന്നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത് . തിരുവനന്തപുരം നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമിക്കുന്നിടത്താണ് ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭ മാസത്തിലെ കാർത്തിക നാളിൽ ആരംഭിക്കുന്ന ക്ഷേത്രത്തിലെ സുപ്രധാന മഹോത്സവമായ ആറ്റുകാൽ പൊങ്കാല വളരെയധികം പ്രസിദ്ധമാണ്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂർണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കൽപ്പിച്ചു പോരുന്നു .ആറ്റുകാലമ്മയ്ക്ക്പൊങ്കാലയർപ്പിക്കാനായി ലോകത്തിന്റെ നാനായിടങ്ങളിൽ നിന്നും നിരവധി സ്ത്രീകൾ എത്തുകയും ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അർപ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാൽ നിറയുകയും ചെയ്യും .

ആറ്റുകാൽ ക്ഷേത്രത്തിന്റെ ഐതിഹ്യം

ആറ്റുകാൽ ദേശത്തെ പ്രധാനപ്പെട്ട പേരുകേട്ട തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടുത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിക്കവെ ഒരു ബാലിക പ്രത്യക്ഷപ്പെടുകയും തന്നെ ആറിന് അക്കര എത്തിക്കാമോയെന്ന് കാരണവരോട് അഭ്യർത്ഥിക്കുകയും ചെയ്തു .ഇതുകേട്ട കാരണവർ ആറ് മുറിച്ചു ബാലികയെ അക്കരെ എത്തിക്കുകയും സമീപത്തുള്ള തന്റെ ഭവനത്തിലേക്ക് ആ ബാലികയെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു . തുടർന്ന്കാരണവർ ഭക്ഷണം ഒരുക്കുന്നതിനിടെ ബാലിക അപ്രത്യക്ഷമായി.

അന്ന് രാത്രി കാരണവർ ബാലികയെ സ്വപ്നത്തിൽ ദർശിച്ചു. ബാലിക ആദിപരാശക്തിയായ പ്രപഞ്ച നാഥയാണെന്നും താൻ അടയാളപ്പെടുത്തുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്നും അങ്ങനെ ചെയ്താൽ അഭിവൃദ്ധി വന്നുചേരുമെന്നും പരാശക്തി പറഞ്ഞു .പിറ്റേ ദിവസം കാവിലെത്തിയ കാരണവർ ദേവി തന്റെ തൃശൂലത്താൽ രേഖപ്പെടുത്തിയ അടയാളം കണ്ട സ്ഥത്ത് ക്ഷേത്രം നിർമിച്ചു എന്നാണ് വിശ്വാസം.

ആറ്റുകാൽ പൊങ്കാല

തമിഴ്നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് സാധാരണയായി പൊങ്കാല പതിവായുള്ളത് . 'പൊങ്ങുക' എന്ന തമിഴ് വാക്കിൽ നിന്നാണ് പൊങ്കാല രൂപപ്പെട്ടു വന്നത് എന്ന് ഭാഷാ ശാസ്ത്രജ്ഞന്മാർ പറയുന്നു. ദൈവത്തിന് മുന്നിലെ ഭക്തിനിർഭരമായ ആത്മസമർപ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികൾ വിശ്വസിച്ച് പോരുന്നു.

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നൽകി എതിരേറ്റു. അതിന്റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.ആറ്റുകാലിലും പൊങ്കാല ചടങ്ങുകൾ പാരമ്പര്യത്തനിമയോടെയാണ് നടത്തിവരുന്നത്. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. കോപിഷ്ഠയായ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് പൊങ്കാല അർപ്പിക്കുന്നതെന്ന വിശ്വാസവും ശക്തമാണ്. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികൾ ചേർത്തു വായിക്കുന്നു. മഹിഷാസുരമർദ്ദിനിയായ ദുർഗയുടെ തൽസ്വരൂപമാണ് ഭക്തർക്ക് ആറ്റുകാൽ ഭഗവതി. കലിയുഗത്തിൽ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തർ കണ്ടു വണങ്ങുന്നു.

വ്രതം

കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അർപ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങൾ.

Similar News