ആറാട്ടുപുഴ പൂരം
തൃശൂർ: 24 ദേവീദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം നാളെ. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തുന്നതോടെയാണ് ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കുന്നത്. തേവർ കൈതവളപ്പിലെത്തുന്നത് വരെ വിശാലമായ പാടത്ത് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകൾ നടക്കുന്നത്.കാശി വിശ്വനാഥക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം ഉൾപ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആറാട്ടുപുഴ പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും. മുപ്പത്തിമുക്കോടി ദേവകളും യക്ഷഗന്ധർവ്വ കിന്നരൻമാരും പരേതാത്മാക്കളും ഭൂലോക വൈകുണ്ഠ ദർശനത്തിനെത്തുമെന്നാണ് വിശ്വാസം. അത്താഴപൂജ നേരത്തെയാക്കി എല്ലാ ക്ഷേത്രങ്ങളും അടയ്ക്കും. കാശി വിശ്വനാഥ ക്ഷേത്രവും ഈ സമയത്ത് അടയ്ക്കും.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിൽ തിരിച്ചെത്തുകയും നിത്യപ്പൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം ഭൂമിയിലെ എറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽ കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളും.
പഞ്ചാരിമേളം കൊട്ടി കലാശിച്ചാൽ എഴുന്നെള്ളി നിൽക്കുന്ന ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയിൽ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവിന്റെ ഈ യാത്ര. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളും.
രാത്രി 11 മണിയോടുകൂടി തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം. തുടർന്ന് പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് നടത്തും.തുടർന്ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച് ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും. ശേഷം അന്തിക്കാട്, ചൂരക്കോട് ഭഗവതിമാർ ആറ് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളും. 11ന് നെടടിശേരി ശാസ്താവ് എഴുന്നള്ളും.
അർദ്ധരാത്രിക്ക് ശേഷം ചോതി നക്ഷത്രം ഉച്ചസ്ഥായിലാവുമ്പോൾ കടലാശ്ശേരി പിഷാരിക്കൽ ഭഗവതി മന്ദാരക്കടവിൽ ആറാടുന്നതോടെ ആറാട്ടുകൾക്ക് ആരംഭം കുറിക്കും. ചോതി നക്ഷത്രം ഉച്ഛസ്ഥായിലാവുമ്പോൾ തൃപ്രയാർ തേവർ കൈതവളപ്പിൽ എഴുന്നള്ളും .തേവരുടെ പഞ്ചവാദ്യം ,മേളം എന്നിവയ്ക്കുശേഷം തേവർ പന്തലിൽ എഴുന്നള്ളി നിൽക്കും. അതേസമയം ഊരകത്തമ്മ തിരുവടി ചാത്തക്കുടം ശാസ്താവുമൊത്ത് ഒരു ഭാഗത്തും, ചേർപ്പിൽ ഭഗവതി മറുഭാഗത്തുമായി ഭൂമിയിലെ വൈകുണ്ഠം എന്നറിയപ്പെടുന്ന കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.പിഷാരിക്കൽ ഭഗവതിയുടെ ആറാട്ടിനു ശേഷം എടക്കുന്നി, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ, പൂനിലാർ കാവ്, തൊട്ടിപ്പാൾ , ചൂരക്കോട്, അന്തിക്കാട്, അയ്യുന്ന്, ചേർപ്പ് ,ഊരകത്തമ്മ തിരുവടി ,തൃപ്രയാർ തേവർ എന്നിവരുടെ ആറാട്ടുകൾ മന്ദാരക്കടവിൽ നടക്കും. തൃപ്രയാർ തേവർ ആറാട്ടിനായി മന്ദാരക്കടവിലേക്ക് യാത്രയായാൽ ആറാട്ടുപുഴ ശാസ്താവ് മറ്റു ദേവി ദേവന്മാർക്ക് ഉപചാരം പറഞ്ഞ് യാത്രയാക്കും. ഏറ്റവും അവസാനം ചേർപ്പിൽ ഭഗവതി, ഊരകത്തമ്മ തിരുവടി, തൃപ്രയാർ തേവാർ എന്നിവർക്കാണ് ഉപചാരം. തൃപ്രയാർ തേവരുടെ ഉപചാരം കഴിഞ്ഞു അടുത്ത വർഷത്തെ പൂര വിളംബരം നടക്കുന്നതോടെ ആറാട്ടുപുഴ പൂരത്തിന് സമാപനമാകും.