'ജർമൻ പവർഹൗസിന്റെ' കൂട്ട ആക്രമണത്തിൽ 'ക്യുറസാവ് കോട്ട' തവിടുപൊടി
ഹൂസ്റ്റൺ: ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ക്യുറസാവിനെ ഒന്നിനെതിരെ 7 ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജർമൻ പവർഹൗസ് പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടം ഗംഭീരമായി തന്നെ കരസ്ഥമാക്കി . തുടക്കം മുതൽ ഒടുക്കം വരെ ആക്രമിക്കുക എന്ന 38കാരനായ ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായ ജൂലിയൻ നാഗൽസ്മാന്റെ ഗഗൻപ്രസിങ് തന്ത്രം ജർമൻ പട സമർഥമായി തന്നെ മൈതാനത്ത് നടപ്പാക്കിയപ്പോൾ ക്യുറസാവിന്റെ കടും പ്രതിരോധ കോട്ട തവിടുപൊടിയായി.
ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായ 78കാരൻ ഡിക്ക് അഡ്വക്കാറ്റിന്റെ ടാക്റ്റിക്സുകളൊന്നും ജർമൻ മുന്നേറ്റത്തിനു തലവേദനയുണ്ടാക്കാൻ പര്യാപ്തമായില്ല. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ആദ്യ 45 മിനിറ്റിൽ 3-1 ആയിരുന്നു സ്കോറെങ്കിൽ രണ്ടാം 45 മിനിറ്റിൽ 4-0 എന്നായിരുന്നു സ്കോർ. ടോട്ടൽ സ്കോർ 7-1. ഓരോ 10 മിനിറ്റിന്റെ ഇടവേളയിലും ഒരു ഗോൾ എന്ന നിലയ്ക്കാണ് രണ്ടാം പകുതിയിൽ ജർമനി ക്യുറസാവ് വേട്ട നടത്തിയത്. വൻ പ്രതിരോധം തീർത്ത് കളിക്കുകയും തരം കിട്ടുമ്പോൾ കിടിലൻ കൗണ്ടർ അറ്റാക്കുകൾ നടത്തുകയും ചെയ്യുന്ന ക്യുറസാവ് സംഘം ജർമനിയുടെ കൂട്ട ആക്രമണത്തിൽ പതറിത്തെറിച്ചു പോയി.
ലോകകപ്പിലെ ഇത്തിരി കുഞ്ഞൻമാരായ ക്യുറസാവിനെതിരെ ജർമൻ സർവാധിപത്യമാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിൽ ആദ്യ 25 മിനിറ്റിനിടെ മറിച്ചാണ് കാര്യങ്ങൾ നടന്നത്. പതിവു പോലെ ജർമനിയുടെ ആക്രമണം തുടക്കം മുതൽ തന്നെ വന്നു. ആറാം മിനിറ്റിൽ അവർ ലീഡുമെടുത്തു. പെനാൽറ്റി ഏരിയ്ക്കു പുറത്തു നിന്നു കിട്ടിയ പന്ത് ഫെലിക്സ് മേച്ച ഫ്ലോറിയൻ വിയറ്റ്സിനു പാസ് നൽകിയ ശേഷം ബോക്സിനകത്തേക്ക് ഓടിക്കയറി. വിയറ്റ്സിന്റെ വൺ ടച്ചിൽ പന്ത് തിരികെ വാങ്ങിയ മേച്ച ക്യുറസാവ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് പോസ്റ്റിലേക്ക് വഴി തിരിച്ചുവിട്ടു.