"ആവേശം അഗോളം"; ഇനി പോരാട്ടങ്ങളുടെ കാലം;ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം
മെക്‌സിക്കോ സിറ്റി: മൈതാനത്തും മനസിലും ഇനി പന്തുരുളും. ഒന്നര മാസത്തെ കാത്തിരിപ്പിന് ഒടുവിൽ ആര് കപ്പ് ഉയർത്തുമെന്ന ആകാംക്ഷയുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്നുമുതൽ കളിക്കാർ കളിക്കളത്തിലേക്ക്. ഇന്ന് രാത്രി 12.30നാണ് ഫുട്‌ബോൾ ലോകകപ്പിന് തുടക്കമാകുക.ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. 2010 ലോകകപ്പിൽ ഇരുടീമുകളും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു. മൂന്നാം തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന മെക്‌സിക്കോ ജയത്തുടക്കമാണ് സ്വന്തം മണ്ണിൽ സ്വപ്‌നം കാണുന്നത്. 1994 മുതൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടീം തോൽവിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ വെള്ളിയാഴ്ച രാവിലെ 7.30ന് ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും.23-ാം ലോകകപ്പിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുക. ആദ്യമായാണ് ഒരു ലോകകപ്പിൽ 48 ടീമുകൾ കപ്പ് ലക്ഷ്യമിട്ട് കളിക്കളത്തിൽ ഇറങ്ങുന്നത്. മൊത്തം 104 മത്സരങ്ങളാണ് ഉണ്ടാവുക. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ആറാം ലോകകപ്പ് കളിക്കാനാണ് എത്തുന്നത്.